Dailyhunt
ഇറാനില്‍ ഇസ്രയേല്‍-അമേരിക്കൻ വ്യോമാക്രമണം രൂക്ഷം; റെയില്‍വേ പാലം തകര്‍ത്തു, രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഇറാനില്‍ ഇസ്രയേല്‍-അമേരിക്കൻ വ്യോമാക്രമണം രൂക്ഷം; റെയില്‍വേ പാലം തകര്‍ത്തു, രണ്ട് പേര്‍ കൊല്ലപ്പെട്ടു

Janayugom Online 1 week ago

ശ്ചിമേഷ്യയില്‍ യുദ്ധം പുതിയ തലത്തിലേക്ക്. മധ്യ ഇറാനിലെ കാഷാൻ ജില്ലയിലുള്ള യഹ്യ ആബാദ് റെയില്‍വേ പാലത്തിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു.

മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാന്റെ പ്രധാന റെയില്‍വേ ശൃംഖലയുടെ ഭാഗമായ ഈ പാലം തകർന്നതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഇറാനിലെ സാധാരണ ജനങ്ങള്‍ക്ക് വിചിത്രമായ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വന്തം സുരക്ഷയ്ക്കായി രാത്രി 9 മണി വരെ ട്രെയിൻ യാത്ര ഒഴിവാക്കണമെന്നായിരുന്നു പേർഷ്യൻ ഭാഷയിലുള്ള നിർദ്ദേശം. ജനജീവിതം സ്തംഭിപ്പിക്കാനും ഭീതി പടർത്താനുമുള്ള നീക്കമാണിതെന്ന് ഇറാൻ ആരോപിച്ചു. കാഷാൻ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ജനവാസ മേഖലകളിലും സ്ഫോടനങ്ങള്‍ നടന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.

ഗതാഗത സൗകര്യങ്ങള്‍ക്ക് പുറമെ ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഊർജ മേഖലയ്ക്കും കനത്ത പ്രഹരമേറ്റു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ ടെർമിനലുകള്‍ക്ക് നേരെയും ചൊവ്വാഴ്ച ആക്രമണമുണ്ടായി. ദ്വീപിലെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് അമേരിക്കൻ വൃത്തങ്ങള്‍ അവകാശപ്പെടുമ്പോഴും എണ്ണ വിതരണ ശൃംഖലയെ ഇത് ബാധിച്ചിട്ടുണ്ട്. ഇസഫഹാൻ, കരാജ് എന്നിവിടങ്ങളിലെ വൈദ്യുതി വിതരണ ശൃംഖലകളും ആക്രമണത്തില്‍ തകർന്നു. പല നഗരങ്ങളും നിലവില്‍ ഇരുട്ടിലാണ്.

ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് നല്‍കിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് ഈ ആക്രമണങ്ങള്‍. സമാധാന കരാറിന് തയ്യാറായില്ലെങ്കില്‍ ഇറാന്റെ ഓരോ പാലങ്ങളും പവർ പ്ലാന്റുകളും തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ, യുഎഇ വഴി ഇസ്രയേലിലേക്ക് സൈനിക ഉപകരണങ്ങള്‍ കടത്താൻ ശ്രമിച്ച കണ്ടെയ്നർ കപ്പല്‍ തങ്ങള്‍ പിടിച്ചെടുത്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online