Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇരുട്ടിലും വഴിതെളിക്കുന്ന വെട്ടം

ഇരുട്ടിലും വഴിതെളിക്കുന്ന വെട്ടം

ണ്ഡിറ്റ് കറുപ്പന്റെ കൊച്ചി നിയമസഭാ പ്രവേശനത്തിന്റെയും ഉദ്യാനവിരുന്ന് എന്ന വിപ്ലവകാവ്യത്തിന്റെയും ശതാബ്ദിവർഷത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ വായിക്കുമ്പോള്‍ നാം ചരിത്രത്തെ തൊടുന്നുണ്ട്.

ജാതിയും സവർണാനുഷ്ഠാനങ്ങളും മഹാഭൂരിപക്ഷം മനുഷ്യരേയും മൃഗതുല്യരായി തെരുവില്‍ കെട്ടിയിട്ട ഒരു കാലത്ത് തനിയെ നടന്നുപോയ ഒരു മനുഷ്യന്റെ കഥ. നിന്ദിതരും പീഡിതരുമായ മനുഷ്യർക്കു മുന്നില്‍ ശിരസുയർത്തി നിന്ന് അവനെ നയിച്ച ഒരു പോരാളിയുടെ ജീവിതത്തിന്റെ തുടിപ്പ്. ഞങ്ങളും മനുഷ്യരാണ് എന്ന സവർണ ധാർഷ്ട്യത്തിന് നേരെയുള്ള ഗർജനം. കറുപ്പൻ പൊള്ളിപ്പടർന്നുപോയ ഒരു ചരിത്രത്തെ അങ്ങിനെയാണ് സ്വന്തം കൈത്തലത്തിലേക്ക് ഒതുക്കി തീർക്കുന്നത്.

അക്കാലത്ത് അവർണർക്ക് അവർ തീർത്ത വഴിയിലൂടെ നടന്നുപോകാൻ അവകാശമുണ്ടായിരുന്നില്ല. പുലയനും പറയനും വാലനും ഈഴവനും ദൈവങ്ങള്‍ വേറെ. ഭൂരിഭാഗം വരുന്ന ഒരു ജനത മുഴുവൻ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അമാവാസികളില്‍ അന്ധരായി അലയുന്നു. അവർക്ക് ചെയ്ത ജോലിക്ക് കൂലിയില്ല. നേരാംവണ്ണം ഭക്ഷണമില്ല. കുട്ടികള്‍ക്ക് പാഠശാലകള്‍ അന്യം. ഒരു വശത്ത് സ്വന്തം മനുഷ്യരുടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെയും മറുവശത്ത് സവർണ ജാതിക്കോമരങ്ങളുടെ നികൃഷ്ട വെളിപാടുകള്‍ക്കെതിരേയും ദ്വിമുഖ പോരാട്ടം നയിച്ചുകൊണ്ടാണ് കെ പി കറുപ്പൻ കൊച്ചിയുടെ ചരിത്രത്തിലേക്ക് ചവിട്ടിക്കയറുന്നത്. ആ മഹദ് ജീവിതം വേദനാപൂർണമായ പോരാട്ടങ്ങളുടെ ത്യാഗസീമകളില്‍ ഒറ്റയ്ക്ക് എരിഞ്ഞുതീർന്ന ഒന്നാണ്. വിദ്യാഭ്യാസ പൂർത്തീകരണത്തിന് ശേഷം കാസ്റ്റ് ഹൈസ്കൂളില്‍ സംസ്കൃത അധ്യാപകനായിരിക്കുമ്പോള്‍ കറുപ്പൻ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടതില്ല എന്ന സവർണാക്രോശം ഉയർന്നു. ഞാൻ പഠിപ്പിച്ചാല്‍ കുട്ടികളുടെ വിദ്യയ്ക്ക് എന്തു ഭംഗമാണ് ഉണ്ടാകുന്നതെന്ന കറുപ്പൻ മാസ്റ്ററുടെ ചോദ്യത്തിനൊപ്പം അന്നത്തെ രാജാധികാരത്തിന് നില്‍ക്കേണ്ടി വന്നു എന്നത് ചരിത്രം. അത് നവോത്ഥാനത്തിന്റെ സിംഹനാദങ്ങളുടെ തുടർച്ചയാണ്. ജാതിബ്രാഹ്മണ്യത്തിന് നേരെ ഗുരുവും അയ്യന്‍കാളിയും ഉയർത്തിയ തീച്ചൂടുള്ള പോരാട്ട പ്രവാഹത്തില്‍ കൊടുങ്ങല്ലൂർ താലൂക്കില്‍ നിന്ന് ജ്വലിച്ചുയർന്ന ജീവ താരകമായിരുന്നു കറുപ്പൻ മാസ്റ്റർ.

ആചാരഭൂഷണം എന്ന കറുപ്പൻ മാസ്റ്ററുടെ രചന താൻ പിറന്നതും തനിക്ക് ചുറ്റുമുള്ളതുമായ കീഴാള സമുദായത്തോടുള്ള ചരിത്രപരമായ സംവാദമാണ്. ജനനവും മരണവും ജീവിതവും ആചാരാനുഷ്ഠാനങ്ങളുടെ ചങ്ങലക്കണ്ണികളില്‍ തളച്ചിട്ട ഒരു ജനതയ്ക്ക് മുന്നില്‍ ഈ ഗ്രന്ഥം മാനവിക മൂല്യത്തിന്റെ ഒരു വിളക്ക് കൊളുത്തിവെയ്ക്കുന്നു. കൊച്ചിയുടെ ജീവചരിത്രത്തില്‍ അതിന്റെ പ്രകാശമുണ്ട്.

മഹാകവി ആശാൻ ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും എഴുതുംമുൻപ് കറുപ്പൻ മാസ്റ്റർ ജാതിക്കുമ്മി എന്ന കാവ്യം എഴുതുന്നുണ്ട്. അത് ജാതിയുടെ കാട്ടുതീയില്‍ വെന്തുപോയ ഒരു ഹൃദയത്തിന്റെ മുഴക്കമാണ്. ഒരു കാവ്യവ്യവസ്ഥയില്‍ പ്രണയത്തിനും ശൃംഗാരത്തിനും വെടിവട്ടത്തിനും അപ്പുറത്ത് സാമൂഹ്യ സംഘർഷങ്ങളുടെയും സാമൂഹ്യ നീതിയുടെയും ലാവണ്യരക്തം പടർത്തിയ കാവ്യാനുഭവം. ബാലാകലേശം എന്ന നാടകത്തില്‍ വ്യവസ്ഥയിലെ അനാചാരങ്ങളെ കറുപ്പൻ മാസ്റ്റർ ചോദ്യം ചെയ്യുമ്പോള്‍ സവർണ വിപ്ലവകാരിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഇത് ഒരു നാടകമാണോ എന്നാണ് ചോദിക്കുന്നത്. പില്‍ക്കാലത്ത് വ്യവസ്ഥാവിമർശനത്തിന്റെ കനലുകള്‍ ഉറങ്ങുന്ന നാടകങ്ങള്‍ നവോത്ഥാനത്തിന് ചിറകുകള്‍ നല്‍കുന്നതും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ചക്രവാളത്തിലേക്ക് പടർത്തുന്നതും പുതിയ കേരളത്തെ സൃഷ്ടിച്ചെടുക്കുന്നതും നാം കണ്ടു.

ഒരു ജനതയുടെ ജീവിതത്തെ മാറ്റിമറിച്ച ഈ സൃഷ്ടികള്‍ കലയുടെ പ്രൗഢോജ്വല വെട്ടമായി നിരൂപക കേസരികള്‍ ഇന്ന് വാഴ്ത്തുന്നുണ്ട്. ആദരണീയനായ ബാലകൃഷ്ണപിള്ളയ്ക്ക് ചരിത്രം സമ്മാനിക്കുന്ന ഏറ്റവും യുക്തിസഹമായ മറുപടി തന്നെ ഇത്. കറുപ്പൻ മാസ്റ്റർ രചിച്ച ഉദ്യാനവിരുന്ന് എന്ന കാവ്യം പുറത്തു നിറുത്തപ്പെട്ട ഒരാളുടെ നിശബ്ദ ഹൃദയ വിസ്ഫോടനമാണ്. കീഴാള ജാതിയില്‍ പിറന്ന ഒരാള്‍ തന്റെ സാമൂഹിക ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെറിയുന്ന ശബ്ദം നിങ്ങള്‍ക്ക് കാതുകള്‍ ഉണ്ടെങ്കില്‍ കേള്‍ക്കാം. ഹൃദയങ്ങളിലെ സുഷുപ്തിയിലാണ്ട അഗ്നിപർവതങ്ങള്‍ ഒരിക്കല്‍ മഹാവിസ്ഫോടനത്തിലൂടെ ഉയിർക്കുമെന്നുമുള്ള ചരിത്ര സത്യവും സത്തയുമാണ് കറുപ്പൻ മാസ്റ്ററുടെ സാഹിത്യത്തിന്റെ കാതല്‍.

പുലയരടക്കമുള്ള മറ്റ് കീഴാള സമുദായങ്ങളെ കൈപിടിച്ചുയർത്താൻ കറുപ്പൻ മാസ്റ്റർ ശ്രമിക്കുന്നത് പലതലങ്ങളിലൂടെയായിരുന്നു. കായല്‍ സമ്മേളനത്തിലൂടെ കീഴാള സമൂഹത്തിന്റെ വേദന എല്ലാ ജാതിയിലും ഒന്ന് തന്നെയാണെന്നുള്ള കറുപ്പൻ മാസ്റ്ററുടെ പ്രഖ്യാപനം സമൂഹത്തിന്റെ എല്ലാതലങ്ങളിലേക്കും കടന്നുചെന്നു.
കേരളീയ നവോത്ഥാനം ജാതിയെന്ന അടിമുടി മനുഷ്യവിരുദ്ധമായ ഒരു സ്ഥാപനത്തിനെതിരായ ചിന്താപ്രവാഹമായിരുന്നു. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും അതിന്റെ ദ്യുതി പടർന്നിരുന്നു. അതിന്റെ തിരിവെട്ടം എത്രയോ ഹൃദയങ്ങളെ പ്രക്ഷുബ്ധമാക്കി. മനുഷ്യർ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ഉത്തരങ്ങള്‍ക്ക് പുറകേ സഞ്ചരിക്കുകയും ചെയ്ത കാലമായിരുന്നു അത്. നാരായണഗുരു ജാതി എന്താണെന്ന് ചോദിക്കുകയും മനുഷ്യർ പുണർന്ന് പെറുന്ന ഒറ്റജാതിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ആത്മത്തില്‍നിന്ന് ബ്രഹ്മത്തിലേക്കല്ല അപരത്വത്തിലേക്കാണ് ഗുരുസഞ്ചാരം. അത് എന്നില്‍ നിന്നും നമ്മിലേക്കുള്ള ഒരു യാത്രയാണ്. എല്ലാ മനുഷ്യവേദനകളോടും പൊരുതാനായി നവോത്ഥാനത്തിന്റെ ഈ സംഘ മന്ത്രമാണ് പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ ഉയർത്തിപ്പിടിച്ചത്.

കാലം കറുപ്പൻ മാസ്റ്ററെ മറന്നുവെന്ന് കരുതുന്നവരുണ്ട്. എം എൻ വിജയൻ മാസ്റ്റർ ചോദിച്ചത് പണ്ഡിറ്റ് കറുപ്പൻ ഇപ്പോള്‍ എവിടെ എന്നാണ്. നാടിന്റെ പുതിയ മണ്ണിലോ അക്ഷരങ്ങളിലോ നമുക്ക് കറുപ്പൻ മാസ്റ്ററെ കണ്ടെത്താനാകണമെന്നില്ല. ഭൂമിയില്‍ പതിഞ്ഞുപോയ അദ്ദേഹത്തിന്റെ കാല്പാടുകള്‍ക്കുമേല്‍ കാലം മണ്ണ് വീഴ്ത്തിയിട്ടുണ്ടാകാം. പക്ഷേ, കറുപ്പൻ മാസ്റ്റർ നമ്മളോട് സംസാരിക്കുന്നുണ്ട്. നീതികേടുകളെ ചോദ്യംചെയ്യുന്ന കുട്ടികളുടെ ശബ്ദത്തില്‍ പോയ വാഴ്‌വിന്റെ ജനിതകക്ഷോഭമായി, പോരിന്റെ വാക്കായി കറുപ്പൻ മാസ്റ്ററെ നാം അറിയുന്നു. പണ്ഡിറ്റ് കറുപ്പൻ എന്ന തീജ്വാലയെ തൊട്ട് നമുക്ക് ഈ വർത്തമാനകാലത്ത് പൊള്ളലേറ്റ് കൊണ്ടിരിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online