Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇസ്രയേലിന് ആയുധമെത്തിച്ച്‌  51 രാജ്യങ്ങള്‍

ഇസ്രയേലിന് ആയുധമെത്തിച്ച്‌ 51 രാജ്യങ്ങള്‍

ഗാസയില്‍ വംശഹത്യ തടയണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിട്ടും ഇസ്രയേലിലേക്കുള്ള അന്താരാഷ്ട്ര ആയുധ കയറ്റുമതി വർധിച്ചതായി റിപ്പോർട്ട്.

ഇന്ത്യയടക്കം 51 രാജ്യങ്ങള്‍ കോടതി വിധി മറികടന്ന് ഇസ്രയേലിന് സൈനിക സഹായം നല്‍കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര വംശഹത്യ നിരോധന കരാറില്‍ ഒപ്പുവച്ച യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ പ്രമുഖ രാജ്യങ്ങള്‍ പോലും ഇസ്രയേലിലേക്ക് ആയുധങ്ങള്‍ കയറ്റി അയച്ചതായി ഇറക്കുമതി രേഖകള്‍ വ്യക്തമാക്കുന്നു.

അമേരിക്ക, ഇന്ത്യ, റൊമാനിയ, തായ്‌വാൻ, ചെക്ക് റിപ്പബ്ലിക് എന്നീ അഞ്ച് രാജ്യങ്ങളാണ് കോടതി വിധിക്ക് ശേഷം ഇസ്രയേലിലേക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചത്. വെടിയുണ്ടകള്‍, സ്ഫോടകവസ്തുക്കള്‍, അത്യാധുനിക ആയുധങ്ങളുടെ ഭാഗങ്ങള്‍, സായുധ വാഹനങ്ങളുടെ സ്പെയർ പാർട്സുകള്‍ എന്നിവയാണ് പ്രധാനമായും കൈമാറിയത്. ഇതില്‍ ഇസ്രയേലിന് ആയുധം നല്‍കുന്നത് നിർത്തിയതായി പരസ്യമായി പ്രഖ്യാപിച്ച ചില രാജ്യങ്ങളും ഉള്‍പ്പെടുന്നു എന്നതും ശ്രദ്ധേയം.
2023 ഒക്ടോബർ മുതല്‍ 2025 ഒക്ടോബർ വരെയുള്ള രണ്ട് വർഷത്തിനിടെ 885 ദശലക്ഷം ഡോളർ വിലമതിക്കുന്ന 2,603 സൈനിക സാമഗ്രികളാണ് ഇസ്രയേലില്‍ എത്തിയത്. ഇതില്‍ 805 മില്യണ്‍ ഡോളറിന്റെ ആയുധങ്ങളും എത്തിയത് 2024 ജനുവരിയിലെ ഐസിജെ വിധിക്ക് ശേഷമാണ്. അതായത് ആകെ ഇറക്കുമതിയുടെ ഭൂരിഭാഗവും കോടതി ഉത്തരവിന് ശേഷമാണ് നടന്നിരിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

2024 ജനുവരിയില്‍ അന്താരാഷ്ട്ര കോടതി ഇടക്കാല വിധി പുറപ്പെടുവിക്കുമ്പോള്‍ തന്നെ ഗാസയില്‍ 26,000ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഗാസയില്‍ ഇതുവരെ 72,000ലധികം സാധാരണക്കാർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്രയേലിന് ആയുധം നല്‍കുന്ന രാജ്യങ്ങളെ യുദ്ധക്കുറ്റങ്ങളിലും വംശഹത്യയിലും പങ്കാളിയായി പരിഗണിക്കണമെന്ന് ലണ്ടൻ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ അന്താരാഷ്ട്ര നിയമ പ്രൊഫസർ സ്റ്റീഫൻ ഹംഫ്രീസ് അഭിപ്രായപ്പെട്ടു. 2025 ഒക്ടോബറിലെ വെടിനിർത്തലിന് ശേഷവും ഇസ്രയേല്‍ പലസ്തീൻ ജനങ്ങളെ വംശനാശം വരുത്തുന്ന രീതിയിലുള്ള ആക്രമണങ്ങള്‍ തുടരുകയാണെന്ന് ക്രിമിനല്‍ നിയമ പ്രൊഫസർ ഗെർഹാർഡ് കെമ്പ് വ്യക്തമാക്കി.

അന്താരാഷ്ട്ര കോടതിയുടെ അന്തിമ വിധി വരാൻ വർഷങ്ങളെടുക്കുമെങ്കിലും, ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മിഷൻ 2025 സെപ്റ്റംബറില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ ഇസ്രയേല്‍ പലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വംശഹത്യക്കായി ഉപയോഗിക്കാൻ സാധ്യതയുള്ള ഇത്തരം മാരക ആയുധങ്ങള്‍ ഇസ്രയേലിന് കൈമാറുന്നത് തടയാൻ ലോകരാജ്യങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online