Dailyhunt
ജനവിധി അംഗീകരിക്കുന്നു, പോരാട്ടം തുടരും: കടകംപള്ളി സുരേന്ദ്രൻ

ജനവിധി അംഗീകരിക്കുന്നു, പോരാട്ടം തുടരും: കടകംപള്ളി സുരേന്ദ്രൻ

Janayugom Online 1 week ago

ഴക്കൂട്ടം മണ്ഡലത്തിലെ ജനവിധി അംഗീകരിക്കുന്നതായി മുൻ മന്ത്രിയും സി പി എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. വെറും 428 വോട്ടുകളുടെ നേരിയ വ്യത്യാസത്തില്‍ നേരിട്ട പരാജയം അപ്രതീക്ഷിതമാണെന്നും, പണാധിപത്യത്തിന്റെയും വ്യാജപ്രചരണങ്ങളുടെയും കുത്തൊഴുക്കിനെയാണ് മണ്ഡലത്തില്‍ നേരിടേണ്ടി വന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

വിജയിച്ച വി മുരളീധരനെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ പത്ത് വർഷം കഴക്കൂട്ടത്തിന്റെ ജനപ്രതിനിധിയായി പ്രവർത്തിക്കാൻ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കാനും സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും സാധിച്ചു. ഈ അവസരം നല്‍കിയ ജനങ്ങളോട് എന്നും കടപ്പാടുണ്ടായിരിക്കും.

തെരഞ്ഞെടുപ്പ് കാലത്ത് മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് എതിരാളികള്‍ നടത്തിയത്. ക്ഷേമ പെൻഷൻ നല്‍കുന്നത് ബി ജെ പിയാണെന്ന തരത്തില്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തി. കരിക്കകം ക്ഷേത്രത്തിലെ പൊങ്കാലയുമായി ബന്ധപ്പെട്ട തന്റെ സംസാരം ഇഫ്താർ വിരുന്നിനെ കുറിച്ചാണെന്ന് വരുത്തിത്തീർക്കാൻ വ്യാജ വീഡിയോ നിർമ്മിച്ചു. ക്ഷേത്ര പൂജാരിയുടെ ആത്മഹത്യയുമായി ബന്ധിപ്പിച്ച്‌ വ്യാജ കഥകള്‍ പ്രചരിപ്പിച്ചു. നാല് വോട്ടുകളുള്ള ഒരു വീട്ടില്‍ ഒന്നര ലക്ഷം രൂപയുടെ വരെ സഹായം വിതരണം ചെയ്യുന്ന പണാധിപത്യ രാഷ്ട്രീയമാണ് മണ്ഡലത്തില്‍ കണ്ടതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഒരു പ്രമുഖ മാധ്യമം ബി ജെ പിക്ക് വേണ്ടി പക്ഷപാതപരമായി നിലകൊണ്ടെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നും കടകംപള്ളി കുറ്റപ്പെടുത്തി. മാധ്യമ മൂല്യങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ഇത്തരം ശ്രമങ്ങള്‍ തന്റെ പരാജയത്തില്‍ ഒരു പരിധി വരെ സ്വാധീനം ചെലുത്തിയതായും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം ഉറച്ചുനിന്ന 46,136 വോട്ടർമാർക്കും വെയിലും ചൂടും വകവെക്കാതെ പ്രവർത്തിച്ച എല്‍ ഡി എഫ് പ്രവർത്തകർക്കും നന്ദി പറഞ്ഞ കടകംപള്ളി, ജനങ്ങള്‍ക്കൊപ്പം എന്നും താനുണ്ടാകുമെന്നും പോരാട്ടം തുടരുമെന്നും കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online