Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷാ പ്ലാറ്റ്‌ഫോമിലും വൻ സുരക്ഷാവീഴ്ച; രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നു

ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷാ പ്ലാറ്റ്‌ഫോമിലും വൻ സുരക്ഷാവീഴ്ച; രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നു

Janayugom Online 1 week ago

സിബിഎസ്‌ഇ, എന്‍ടിഎ എന്നിവയുടെ പരീക്ഷാ പോർട്ടലുകളിലെ സുരക്ഷാ പാളിച്ചകള്‍ക്ക് പിന്നാലെ രാജ്യത്തെ പ്രമുഖ പരീക്ഷയായ ജെഇഇ അഡ്വാൻസ്‌ഡ് പ്ലാറ്റ്‌ഫോമിലും വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്.

പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കി ഈ സുരക്ഷാവീഴ്ച പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ക്ലൗഡ് സ്റ്റോറേജ് കോണ്‍ഫിഗറേഷനിലുണ്ടായ ഗുരുതരമായ പിഴവാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങള്‍ ചോരാൻ കാരണമായതെന്ന് സൈബർ സുരക്ഷാ ഗവേഷകനായ റൈലൻ അനില്‍ സാമൂഹ്യമാധ്യമമായ എക്സിലൂടെ വെളിപ്പെടുത്തി. ഇന്റർനെറ്റ് കണക്ഷനുള്ള ആർക്കും മുൻകൂട്ടി അനുവാദമില്ലാതെ പ്രവേശിക്കാവുന്ന രീതിയിലായിരുന്നു ഈ ഡാറ്റാ സ്റ്റോറേജ് ക്രമീകരിച്ചിരുന്നത്. പരീക്ഷ എഴുതിയ 179600 വിദ്യാർത്ഥികളുടെ പരീക്ഷാ ഫലങ്ങളും 187300 വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡുകളും ഇത്തരത്തില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ വെബ്സൈറ്റില്‍ ലഭ്യമായിരുന്നു. വിദ്യാർത്ഥികളുടെ പേര്, ജനന തീയതി, മൊബൈല്‍ നമ്പറുകള്‍, പരീക്ഷാ സ്കോറുകള്‍, വീട്ടു വിലാസം എന്നിവയെല്ലാം ചോർന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച ഗവേഷകന് ഐഐടി റൂർക്കി നന്ദി അറിയിക്കുകയും വിവരങ്ങള്‍ അടങ്ങിയ ക്ലൗഡ് ബക്കറ്റുകള്‍ ഉടനടി സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ നിലവിലുള്ള ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ നിയമ പ്രകാരം വ്യക്തികളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ പരാജയപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് 250 കോടി രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക സ്ഥാപനമായ ഐഐടിക്ക് ഇത്തരം ഒരു വീഴ്ച സംഭവിച്ചത് നിയമപരമായി വലിയ പ്രതിസന്ധിക്ക് കാരണമായേക്കാം. രാജ്യത്തെ മുൻനിര എൻജിനീയറിങ് സ്ഥാപനങ്ങള്‍ മേല്‍നോട്ടം വഹിക്കുന്ന ഒരു പ്ലാറ്റ്‌ഫോമിന് എങ്ങനെയാണ് ഇത്രയും ലളിതമായ ഒരു ക്ലൗഡ് കോണ്‍ഫിഗറേഷൻ പിശക് സംഭവിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. മുൻ വർഷങ്ങളിലും ഐഐടി റൂർക്കിയുടെ അക്കാദമിക് വിഭാഗത്തില്‍ നിന്നും 30000 ഓളം വിദ്യാർത്ഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും സാമ്പത്തിക പശ്ചാത്തലവും ഫോണ്‍ നമ്പറുകളും തിരിച്ചറിയല്‍ രേഖകളും ചോർന്നതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം വീഴ്ചകള്‍ വിദ്യാർത്ഥികള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online