തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിശ്ചയിക്കുന്ന സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെയുള്ള ഹർജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കാനാവില്ലെന്ന് സുപ്രീംകോടതി.
കേസ് നീട്ടിവെക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളിയ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച്, രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ അതീവ പ്രാധാന്യമുള്ള വിഷയമാണിതെന്ന് കേന്ദ്രത്തെ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവം തകർക്കുന്ന രീതിയില്‍, സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്ര മന്ത്രിയെ ഉള്‍പ്പെടുത്തിയ പുതിയ നിയമം ഭരണഘടനാപരമായ സുപ്രധാന ചോദ്യങ്ങള്‍ ഉയർത്തുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിയമനം സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവിനെ അട്ടിമറിക്കാൻ കേന്ദ്രം കൊണ്ടുവന്ന ഈ നിയമം ഏകപക്ഷീയമാണെന്ന ആരോപണം ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, സമിതിയില്‍ രണ്ട് കേന്ദ്ര മന്ത്രിമാരും ഒരു പ്രതിപക്ഷ നേതാവും മാത്രമാകുന്നതോടെ നിയമനങ്ങള്‍ പൂർണ്ണമായും സർക്കാരിന്റെ താല്പര്യത്തിനനുസരിച്ചായി മാറുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് കോടതി നടപടികള്‍ മാറ്റിവെക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കാൻ ഈ കേസില്‍ അടിയന്തര വാദം കേള്‍ക്കേണ്ടതുണ്ടെന്ന് പറഞ്ഞു.

