കര്‍ണാടകത്തില്‍ ദിവസങ്ങളായി നിലനിന്നിരുന്ന ഭരണമാറ്റ അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ ഔദ്യോഗിക രാജി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാവിലെ സ്വന്തം വസതിയില്‍ വെച്ച് മന്ത്രിമാർക്കായി അദ്ദേഹം ഒരുക്കിയ പ്രത്യേക പ്രഭാതഭക്ഷണ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. വരും ദിവസങ്ങളില്‍ ഡികെ ശിവകുമാറിനെ പൂർണ്ണമായി പിന്തുണച്ച് ഒപ്പം നില്‍ക്കാൻ സിദ്ധരാമയ്യ യോഗത്തില്‍ പങ്കെടുത്ത എല്ലാ മന്ത്രിമാരോടും ഔദ്യോഗികമായി ആവശ്യപ്പെട്ടു. പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിമാർ മുഴുവൻ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും മടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തന്നെ തന്റെ രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണ്ണർ താവർചന്ദ് ഗെഹ്‌ലോട്ട് നിലവില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഇൻഡോറിലാണെങ്കിലും രാജ്ഭവൻ സെക്രട്ടറി വഴി രാജി കൈമാറാനാണ് സിദ്ധരാമയ്യയുടെ തീരുമാനംഭരണമാറ്റ വാർത്തകള്‍ പുറത്തുവന്നതോടെ ഉപമുഖ്യമന്ത്രിയും പുതിയ മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെടുകയും ചെയ്ത ശിവകുമാറിന്റെ ബംഗളൂരുവിലെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവർത്തകർ വലിയ രീതിയിലുള്ള ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രവർത്തകർ കൂട്ടത്തോടെ മുദ്രാവാക്യം വിളിക്കുകയും പരസ്പരം മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയുമാണ്. കോണ്‍ഗ്രസ് പാർട്ടിക്കായി സ്വന്തം ജീവിതം സമർപ്പിച്ച നേതാവാണ് ഡികെ എന്നും അദ്ദേഹം നൂറ് ശതമാനവും മുഖ്യമന്ത്രി പദവിക്ക് അർഹനാണെന്നും അണികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിദ്ധരാമയ്യയും ഡികെശിവകുമാറും മനുഷ്യന്റെ രണ്ട് കണ്ണുകള്‍ പോലെയാണ് കർണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ നയിച്ചതെന്നും ഈ വലിയ അധികാരക്കൈമാറ്റം വിജയകരമായി പൂർത്തിയാക്കിയ കോണ്‍ഗ്രസ് ഹൈക്കമാൻഡിനും രാഹുല്‍ ഗാന്ധിക്കും കെസി വേണുഗോപാലിനും നന്ദി അറിയിക്കുന്നുവെന്നും വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ അണികള്‍ വ്യക്തമാക്കി.
കഴിഞ്ഞ വർഷം കോണ്‍ഗ്രസ് സർക്കാർ രണ്ടര വർഷത്തെ ഭരണം പൂർത്തിയാക്കിയതു മുതല്‍ തന്നെ കർണ്ണാടകത്തില്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമായിരുന്നു. നിലവില്‍ മൂന്ന് വർഷത്തെ ഭരണം പൂർത്തിയാകുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരം സിദ്ധരാമയ്യ പദവി ഒഴിഞ്ഞത്. പ്രഭാതഭക്ഷണ യോഗത്തിനിടെ 77-കാരനായ സിദ്ധരാമയ്യയുടെ പാദങ്ങള്‍ തൊട്ട് വണങ്ങി ഡികെ ശിവകുമാർ അനുഗ്രഹം വാങ്ങുകയും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. പുതിയ മുഖ്യമന്ത്രിയായി ഡികെ.ശിവകുമാർ അടുത്ത ദിവസങ്ങളില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

