കേന്ദ്ര സര്‍ക്കാരിനെ സ്നേഹിച്ചും തലോടിയും ഉള്ള നയപ്രഖ്യാപനമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കാര്യമായ നയമൊന്നും പ്രഖ്യാപനത്തില്‍ ഇല്ല. കേന്ദ്ര സര്‍ക്കാരിനു ദേഷ്യമോ സങ്കടമോ ഒന്നും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രമിച്ചു എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി നയിക്കുന്ന കേന്ദ്രത്തിനെതിരെ ശബ്ദിക്കാൻ കോണ്‍ഗ്രസിനു പ്രോട്ടോക്കോള്‍ ഉണ്ടോ എന്ന് ബിനോയ് വിശ്വം ചോദിച്ചു. 10 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരിനു മുകളില്‍ സാമ്പത്തിക ഉപരോധമാണ് കേന്ദ്രം സൃഷ്ടിച്ചത്. കേരളത്തിന്റെ അവകാശങ്ങളെ പരിഗണിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഫെഡറല്‍ തത്വങ്ങളെയടക്കം ലംഘിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു പരാമര്‍ശം പോലും നടത്താൻ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പുരോഗതി ആരംഭിച്ചത് 1957 മുതലാണ്. അതിന് നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആ വികസന പാതയില്‍ നിന്നും യുഡിഎഫ് സര്‍ക്കാര്‍ മാറിസഞ്ചരിക്കരുത്. ഭൂപരിഷ്കരണത്തിന്റെ മൗലികമായ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമിക്കരുത്. സ്ത്രീകള്‍ക്ക് കെഎസ്‌ആര്‍ടിസിയില്‍ സൗജന്യ യാത്ര എന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും പദ്ധതി നടപ്പിലാക്കാൻ വെെകരുതെന്നും ബിനേയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇഡി കേരളത്തില്‍ കഴിഞ്ഞ ദിവസം നടത്തിയത് പൊളിറ്റിക്കല്‍ ഷോയാണ്. കേസില്‍ ഒരു തരത്തിലും ബന്ധമില്ലാത്ത ആളാണ് പിണറായി വിജയൻ. ബിജെപിക്ക് ഇഷ്ടമില്ലാത്തവരെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവാണ്. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

