Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകള്‍ക്ക് മികച്ച വേദി കെസിഎല്‍: ക്രിസ് ഗെയ്ല്‍

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകള്‍ക്ക് മികച്ച വേദി കെസിഎല്‍: ക്രിസ് ഗെയ്ല്‍

Janayugom Online 2 weeks ago

കേരളത്തിലെ യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള മികച്ച വേദിയാണ് കേരള ക്രിക്കറ്റ് ലീഗെന്ന് (കെസിഎല്‍) വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവും കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ മെന്ററുമായ ക്രിസ് ഗെയ്ല്‍.

തിരുവനന്തപുരം ഹയാത്ത് റീജൻസിയില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സംഘടിപ്പിച്ച വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് ജോർജ് മാനുവല്‍, ക്യാപ്റ്റൻ സഞ്ജു സാംസണ്‍, വൈസ് ക്യാപ്റ്റൻ ബേസില്‍ തമ്പി എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഭാഗമാകാൻ തന്നെ തിരഞ്ഞെടുത്തതിലും കേരളത്തിലേക്ക് ക്ഷണിച്ചതിലും സന്തോഷമുണ്ടെന്ന് ക്രിസ് ഗെയ്ല്‍ പറഞ്ഞു. കേരളത്തില്‍ കഴിവുറ്റ നിരവധി താരങ്ങളുണ്ടെന്നും അവർക്ക് മികച്ച അവസരമാണ് കെസിഎല്‍ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

"കേരളത്തില്‍ കഴിവുറ്റ ഒട്ടനവധി കളിക്കാരുണ്ട്. അവർക്കുള്ള മികച്ച അവസരമാണ് കെസിഎല്‍. ഇത്തരം ഉയർന്ന നിലവാരമുള്ള പ്രാദേശിക ലീഗ് മത്സരങ്ങളിലൂടെയാണ് അന്താരാഷ്ട്ര തലത്തിലേക്ക് പുതിയ പ്രതിഭകള്‍ ഉയർന്നുവരേണ്ടത്. ഐപിഎല്ലിലേക്ക് ഉള്‍പ്പെടെ വാതില്‍ തുറക്കാൻ കെസിഎല്ലിലെ പ്രകടനങ്ങള്‍ക്കാകും."

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിലെ മെന്ററെന്ന പുതിയ ചുമതല താൻ ഏറെ ആസ്വദിക്കുന്നുണ്ടെന്നും ഗെയ്ല്‍ പറഞ്ഞു. തന്റെ പരിചയസമ്പത്തും മത്സരപരിചയവും പിച്ചിലെ തന്ത്രങ്ങളും കേരളത്തിലെ യുവതാരങ്ങളുമായി നേരിട്ട് പങ്കുവെക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിലവില്‍ ചില പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം വൈകാതെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രത്യാശയും ഗെയ്ല്‍ പങ്കുവെച്ചു.

ക്രിസ് ഗെയ്‌ലിനെപ്പോലൊരു ഇതിഹാസ താരത്തിന്റെ സാന്നിധ്യം ടീമിന്റെ മാനേജ്‌മെന്റിലും മെന്റർഷിപ്പിലും ഉണ്ടാകുന്നത് താരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസവും ഊർജ്ജവും നല്‍കുമെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് ജോർജ് മാനുവല്‍ പറഞ്ഞു. ഗെയ്‌ലിന്റെ അനുഭവസമ്പത്ത് ടീമിലെ യുവതാരങ്ങളുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online