Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖജനാവില്‍ പണമില്ലാത്തിനാല്‍ 'കേരളം' വേണ്ട; തല്‍ക്കാലം കേരള മതി

ഖജനാവില്‍ പണമില്ലാത്തിനാല്‍ 'കേരളം' വേണ്ട; തല്‍ക്കാലം കേരള മതി

Janayugom Online 1 week ago

ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍, സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നത് 'കേരളം' എന്നാക്കി മാറ്റുന്നതില്‍ ധൃതി കാട്ടേണ്ടെന്ന് പൊതുഭരണ വകുപ്പ്.

സര്‍ക്കാര്‍ ഓഫിസുകളിലും പൊതുസ്ഥാപനങ്ങളിലും പേരുമാറ്റം നടപ്പിലാക്കുന്നത് സംബന്ധിച്ച്‌ പുറപ്പെടുവിച്ച നിര്‍ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. അധിക സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ നെയിം ബോര്‍ഡുകളിലും അച്ചടിച്ച രേഖകളിലുമെല്ലാം പേര് മാറ്റുന്നത് അടിയന്തരമായി ചെയ്യേണ്ടെന്നാണ് നിര്‍ദേശം. നിര്‍ബന്ധമായ ഭരണപരമോ പ്രവര്‍ത്തനപരമോ ആയ ആവശ്യകതയില്ലാതെ നിലവിലുള്ള സാമഗ്രികള്‍ മാറ്റി സ്ഥാപിക്കുന്നതിനായി ചെലവ് അനുവദിക്കില്ല. പേര് മാറ്റം ഘട്ടംഘട്ടമായും സാമ്പത്തികബാധ്യത ഇല്ലാതെയും നടപ്പാക്കേണ്ടതാണെന്നും സര്‍ക്കാരിന് ബാധ്യത ഉണ്ടാകാന്‍ പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കി.

'കേരള' എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റര്‍ഹെഡുകള്‍, കവറുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, പ്രസിദ്ധീകരണങ്ങള്‍, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികള്‍ എന്നിവയില്‍ മഷി ഉപയോഗിച്ച്‌ തിരുത്തല്‍ വരുത്തി ഉപയോഗിക്കേണ്ടതാണ്. പേര് മാറ്റിയതിന്റെ പേരില്‍ മാത്രം നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യരുത്. ഔദ്യോഗിക മുദ്രകള്‍, റബ്ബര്‍ സ്റ്റാമ്പുകള്‍, സമാന ഉപകരണങ്ങള്‍ എന്നിവ മാറ്റേണ്ടതില്ല. ആവശ്യമായ സാഹചര്യങ്ങളില്‍, മഷി ഉപയോഗിച്ച്‌ ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഉപയോഗിക്കണം. നിലവിലുള്ള സൈന്‍ബോര്‍ഡുകള്‍, ഓഫിസ് നെയിം ബോര്‍ഡുകള്‍, മൈല്‍സ്റ്റോണുകള്‍, ദിശാസൂചിക ബോര്‍ഡുകള്‍, മറ്റ് സ്ഥിരമോ അര്‍ധസ്ഥിരമോ ആയ ബോര്‍ഡുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കേണ്ടതില്ല.

സാധ്യമായിടത്ത് ഇംഗ്ലീഷില്‍ 'Kerala' എന്നതില്‍ 'm' എന്ന അക്ഷരവും മലയാളത്തില്‍ 'കേരള' എന്നതില്‍ അനുസ്വാരവും ചേര്‍ക്കാവുന്നതാണ്. ഇത്തരം മാറ്റങ്ങള്‍, സൈന്‍ ബോര്‍ഡുകള്‍ക്ക് പതിവ് പെയിന്റിങ്, അറ്റകുറ്റപ്പണി അല്ലെങ്കില്‍ മാറ്റി സ്ഥാപിക്കല്‍ ആവശ്യമായി വരുന്ന അവസരങ്ങളില്‍ നടത്തണം. സംസ്ഥാന സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഉള്‍പ്പെടെ വിവര സാങ്കേതികവിദ്യാ സഹായത്തോടുകൂടിയുള്ള എല്ലാ സംവിധാനങ്ങളിലും യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാത്ത വിധം പുതുക്കിയ സംസ്ഥാന പേര് ഉള്‍പ്പെടുത്തേണ്ടതാണെന്നും ഇതിനുള്ള നടപടികള്‍ വിവരസാങ്കേതികവിദ്യാ വകുപ്പ് സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിലുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online