48 രാജ്യങ്ങള്‍, 3 ആതിഥേയ രാജ്യങ്ങള്‍, ജൂണ്‍ 11ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം, ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ മാമാങ്കത്തിന് കളം ഒരുങ്ങിക്കഴിഞ്ഞു!
യു എസ്, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലെ 16 സ്റ്റേഡിയങ്ങളിലായി അരങ്ങേറുന്ന 2026 ഫിഫ ലോകകപ്പില്‍ ഇക്കുറി ആര് കിരീടം ചൂടുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഒപ്ട സൂപ്പർ കംപ്യൂട്ടർ. ദി അനലിസ്റ്റ്.കോം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ലോകകപ്പില്‍ കിരീടം നേടാൻ സാധ്യതയുള്ള 20 രാജ്യങ്ങളുടെ ലിസ്റ്റാണ് പുറത്തുവന്നത്. 2026 ഫുട്ബോള്‍ ലോകകപ്പ് നേടാൻ ഒപ്ട സൂപ്പർ കംപ്യൂട്ടർ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത് യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനാണ്. അങ്ങനെയെങ്കില്‍ ചരിത്രത്തിലെ രണ്ടാമത്തെ ലോകകിരീടമാണ് സ്പാനിഷ് ചെമ്പടയെ കാത്തിരിക്കുന്നത്. അവർക്ക് 16.1 ശതമാനം വിജയസാധ്യതയാണ് സൂപ്പർ കംപ്യൂട്ടർ പ്രവചിക്കുന്നത്. ക്വാർട്ടർ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ സ്റ്റേജുകളിലേക്ക് എത്തുന്ന രാജ്യങ്ങളുടെ പ്രവചനങ്ങളിലും എതിരാളികളേക്കാള്‍ ഒരുപടി മുന്നിലാണ് സ്പെയിൻ.
ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള രണ്ടാമത്തെ ടീം എംബാപ്പെയുടെ ഫ്രാൻസാണ്. കിരീടനേട്ടത്തിന് 13 ശതമാനം സാധ്യതയാണ് ഒപ്ട അവർക്ക് കല്‍പ്പിക്കുന്നത്. സാധ്യതാ പട്ടികയില്‍ മൂന്നാമത് ഹാരി കെയ്നിൻ്റെ ഇംഗ്ലണ്ടാണ്. അർജൻ്റീനയേയും പോർച്ചുഗലിനേയും ബ്രസീലിനേയും ജർമനിയേയുമൊക്കെ പിന്നിലാക്കിയാണ് കിരീട പ്രവചന സാധ്യതാ പട്ടികയില്‍ ഇംഗ്ലീഷ് സ്ക്വാഡിൻ്റെ മുന്നേറ്റം… ഇംഗ്ലണ്ട് ലോകകപ്പ് നേടാൻ 11.2 ശതമാനം സാധ്യതയുണ്ടെന്നാണ് ഒപ്ട സൂപ്പർ കംപ്യൂട്ടർ പ്രവചിക്കുന്നത്. ഖത്തർ ലോകകപ്പിലെ ജേതാക്കളായ മെസ്സിയുടെ അർജൻ്റീന സാധ്യതാ പട്ടികയില്‍ നാലാമതാണ്. ലിസ്റ്റ് പ്രകാരം നീലപ്പട ഇക്കുറി ലോകകപ്പ് നേടാൻ 10.4 ശതമാനം സാധ്യതയാണുള്ളത്. മെസ്സിപ്പട ഇക്കുറി ഫൈനല്‍ കളിക്കാനുള്ള സാധ്യത 18.1 ശതമാനമാണെന്നും സൂപ്പർ കംപ്യൂട്ടർ ചൂണ്ടിക്കാട്ടുന്നു. ലോകകപ്പ് കിരീടസാധ്യതയില്‍ അർജൻ്റീനയ്ക്ക് തൊട്ടുപിന്നാലെയുള്ളത് ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലാണ്. പറങ്കിപ്പടയ്ക്ക് ചരിത്രത്തിലാദ്യമായി ലോകകപ്പ് നേടാൻ 7 ശതമാനം സാധ്യതയാണ് ഒപ്ട കംപ്യൂട്ടർ പ്രവചിക്കുന്നത്. തൊട്ടുപിന്നിലായി നെയ്മറുടെ കാനറിപ്പടയുണ്ട്. റിപ്പോർട്ട് പ്രകാരം ബ്രസീല്‍ ഇക്കുറി ലോക കിരീടം ചൂടാൻ 6.6 ശതമാനം സാധ്യതയുണ്ട്.
ലിസ്റ്റില്‍ ഏഴാമത് യൂറോപ്പില്‍ നിന്നുള്ള പ്രതാപശാലികളായ ജർമനിയാണ്. ജർമനിക്ക് വിശ്വകിരീടത്തില്‍ മുത്തമിടാൻ 5.1 ശതമാനം സാധ്യതയാണ് ഉള്ളത്. മറ്റൊരു യൂറോപ്യൻ ശക്തികളായ നെതർലൻഡ്സിന് 3.6 ശതമാനം സാധ്യതയുമാണ് ഒപ്ട സൂപ്പർ കംപ്യൂട്ടർ പ്രവചിക്കുന്നത്. എർലിങ് ഹാലണ്ടിൻ്റെ നോർവെ സാധ്യതാ പട്ടികയില്‍ ബെല്‍ജിയത്തെ പിന്നിലാക്കി സാധ്യതാ ലിസ്റ്റില്‍ 9ാം സ്ഥാനത്ത് വന്നതും ഈ ലിസ്റ്റിൻ്റെ കൗതുകകരമായ പ്രത്യേകതയാണ്. നോർവേയ്ക്ക് 3.5%, ബെല്‍ജിയത്തിന് 2.4%, കൊളംബിയയ്ക്ക് 2.1%, മൊറോക്കോയ്ക്ക് 1.9% എന്നിങ്ങനെ പോകുന്നു ലോകകപ്പ് കിരീടത്തില്‍ മുത്തമിടാനുള്ള മറ്റുള്ള പ്രമുഖ രാജ്യങ്ങളുടെ സാധ്യതകള്‍… 2018ല്‍ റണ്ണറപ്പുകളും 2022ല്‍ മൂന്നാം സ്ഥാനക്കാരുമായ ക്രൊയേഷ്യയെ ഒപ്ട സൂപ്പർ കംപ്യൂട്ടർ കാര്യമായി പരിഗണിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും വിസ്മയിപ്പിച്ച ക്രൊയേഷ്യയെ 15-ാം സ്ഥാനത്തേക്ക് തള്ളിയതില്‍ ആരാധകർക്ക് വിയോജിപ്പുണ്ടാകാം.

