കൊച്ചിയില്‍ എച്ച്1എൻ1 ബാധിച്ച് ഒരാള്‍ മരിച്ചു. കൊച്ചി പാലാരിവട്ടം സ്വദേശിനിയായ സ്ത്രീയാണ് മരണപ്പെട്ടത്. പനി ബാധിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവർക്ക്, വിദഗ്ദ്ധ പരിശോധനകള്‍ക്കൊടുവിലാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്.
നാല് ദിവസം മുൻപ് കോട്ടയം കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ ഒരു യുവാവും എച്ച്1എൻ1 ബാധിച്ച് മരണപ്പെട്ടിരുന്നു. പനിയെ തുടർന്ന് ആദ്യം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് കോട്ടയത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവിന് അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് രണ്ട് എച്ച്1എൻ1 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത് ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.
വായുവിലൂടെ പകരുന്ന മാരകമായ ഒരു വൈറല്‍ പനിയാണ് എച്ച്1എൻ1. പനി, ജലദോഷം, ചുമ, തൊണ്ടവേദന, കഫക്കെട്ട്, ശ്വാസതടസ്സം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. തുടക്കത്തില്‍ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കുകയാണെങ്കില്‍ രോഗം ഗുരുതരമാകാതെ ഭേദമാക്കാൻ സാധിക്കും. എന്നാല്‍, ലക്ഷണങ്ങള്‍ നിസ്സാരമായി കണ്ട് ചികിത്സ വൈകിക്കുന്നത് രോഗിയെ കടുത്ത അപകടാവസ്ഥയിലേക്കും മരണത്തിലേക്കും നയിച്ചേക്കാം. ഗർഭിണികള്‍, പ്രായമായവർ, ചെറിയ കുട്ടികള്‍, മറ്റ് വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്ക് എച്ച്1എൻ1 ബാധിച്ചാല്‍ ഗുരുതരമാകാൻ സാധ്യത കൂടുതലായതിനാല്‍ ഇവർ പ്രത്യേക ജാഗ്രത പുലർത്തണം. ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി, തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി ഡോക്ടറുടെ വിദഗ്ദ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.

