Dailyhunt
കൊടുങ്കാറ്റായി തിരിച്ചുവരും: എം സ്വരാജ്

കൊടുങ്കാറ്റായി തിരിച്ചുവരും: എം സ്വരാജ്

Janayugom Online 5 days ago

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമാണെന്നും എന്നാല്‍ വീഴ്ചകള്‍ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ്.

എല്‍ ഡി എഫ് ഭരണത്തില്‍ നാടിനുണ്ടായ സമഗ്രമായ മുന്നേറ്റം എതിരാളികള്‍ പോലും സമ്മതിക്കുന്നതാണെന്നും, എന്നിട്ടും നേരിട്ട ഈ തോല്‍വി 'അനർഹമായ പരാജയം' ആണെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
എല്‍ ഡി എഫ് പരാജയപ്പെടാൻ പാടില്ലാത്ത തിരഞ്ഞെടുപ്പായിരുന്നു ഇത്. നാടിന്റെ വികസനമോ വരുംകാല ഭാവിയോ വോട്ടർമാർ വേണ്ടത്ര പരിഗണിച്ചില്ല. ഉദാസീനവും അരാഷ്ട്രീയവുമായ ചിന്താഗതികള്‍ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാം. പത്ത് വർഷം മുമ്പുള്ള കേരളത്തിന്റെ അവസ്ഥ പലരും മറന്നുപോയതാകാം. പാർട്ടിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ആർജവത്തോടെ തിരുത്തും. ആയിരം ശരികള്‍ക്കിടയില്‍ അര തെറ്റ് ഉണ്ടെങ്കില്‍ പോലും അത് പരിഹരിക്കാൻ ഇടതുപക്ഷം തയ്യാറാണെന്നും സ്വരാജ് കുറിച്ചു. പരാജയത്തിന്റെ ഇരുട്ടില്‍ നിന്നും വലിയ വിജയങ്ങളിലേക്ക് പറന്നുയർന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. തോല്‍വിയില്‍ നിന്നും ഊർജ്ജം ഉള്‍ക്കൊണ്ട്, ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിച്ച്‌ 'കൊടുങ്കാറ്റു പോലെ' മടങ്ങിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online