കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വീടിന് മഹാരാഷ്ട്ര പൊലീസ് സുരക്ഷ ഏർപ്പെടുത്തി. യുഎസിലെ ബോസ്റ്റണില്‍ വിദ്യാർത്ഥിയായ അഭിജീത്തിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന ഛത്രപതി സാമ്ഭാജി നഗറിലെ (ഔറംഗബാദ്) എംഐഡിസി വാലുജ് മേഖലയിലുള്ള വസതിക്കാണ് 24 മണിക്കൂറും പൊലീസ് കാവല്‍ ഏർപ്പെടുത്തിയത്.
വിഷയം സമൂഹമാധ്യമങ്ങളില്‍ വൻതോതില്‍ ചർച്ചയാകുന്ന സാഹചര്യത്തില്‍ വീടിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ഡിസിപി പങ്കജ് അതുല്‍ക്കർ വ്യക്തമാക്കി.
അതിനിടെ, തങ്ങള്‍ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, പകരം സർക്കാരിനെ ഉത്തരവാദിത്തമുള്ളതാക്കുന്ന ഒരു സ്വതന്ത്ര യുവജനപ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും കോക്രോച്ച് ജനത പാർട്ടി വ്യക്തമാക്കി. കടുത്ത അവഗണനകളിലും ജീവൻ നിലനിർത്തുന്ന ആത്യന്തിക അതിജീവകരാണ് പാറ്റകളെന്നും, ഈ നീക്കം ഒരു തുടക്കം മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നിവയില്‍ വിശ്വസിച്ചുകൊണ്ട് യുവാക്കളുടെ വിദ്യാഭ്യാസം, തൊഴില്‍, പരിസ്ഥിതി തുടങ്ങിയ പ്രശ്നങ്ങള്‍ ക്രിയാത്മകമായി ഉന്നയിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും സി ജെ പി വ്യക്തമാക്കി.
അതേസമയം, കോക്രോച്ച് ജനത പാർട്ടിക്കെതിരെ ബിജെപി കടുത്ത നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. സി ജെ പിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി സുപ്രീം കോടതിയില്‍ ഹർജി നല്‍കി. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ താറടിച്ചുകാണിക്കാൻ ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് അഭിഭാഷകനായ രാജ ചൗധരിയാണ് ഹർജി ഫയല്‍ ചെയ്തത്.

