നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ നടത്തുന്ന വൻ പ്രതിഷേധത്തിന് മുന്നോടിയായി സോഷ്യല്‍ മീഡിയ തരംഗമായ കോക്രോച്ച് ജനതാ പാർട്ടി മൂന്ന് ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ചു.
പ്രമുഖ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് സൗരവ് ദാസ് പാർട്ടിയുടെ ചീഫ് വക്താവാകും. പൊളിറ്റിക്കല്‍ റിസർച്ചറും ഫിലിം മേക്കറുമായ വിജേത ദാഹിയ, മുൻ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് അശുതോഷ് റാങ്ക എന്നിവരാണ് മറ്റ് രണ്ട് വക്താക്കള്‍. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ മാറ്റാൻ പുതിയ തലമുറയിലെ നേതാക്കള്‍ക്ക് സിജെപി അവസരം നല്‍കുമെന്നും ഇവർ പാർട്ടിയെ പൊതുവേദികളിലും മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രതിനിധീകരിക്കുമെന്നും സ്ഥാപകൻ അഭിജീത് ദിപ്കെ എക്‌സിലൂടെ അറിയിച്ചു. നിയമ-സാമൂഹിക വിഷയങ്ങളില്‍ ശ്രദ്ധേയനായ മാധ്യമപ്രവർത്തകനാണ് സൗരവ് ദാസ്. 2025 നവംബറില്‍ ഡല്‍ഹി ഇന്ത്യ ഗേറ്റില്‍ നടന്ന മലിനീകരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് അദ്ദേഹം.
ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ വിജേത ദാഹിയ പ്രമുഖ യൂട്യൂബ് ചാനലുകളുടെ ഉള്ളടക്ക നിർമ്മാണത്തിലും ഗവേഷണത്തിലും പങ്കാളിയാണ്. രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം ഹരിയാൻവി സിനിമകളുടെ സംവിധായകൻ കൂടിയാണ്. ഐഐടി കാണ്‍പൂർ, ലണ്ടൻ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂർത്തിയാക്കിയ അശുതോഷ് റാങ്ക പ്രമുഖ ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ 'മക്കിൻസി ആൻഡ് കമ്പനി'യില്‍ ലണ്ടനില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. കഴിഞ്ഞ വർഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയ്പൂരില്‍ നടന്ന യുവജന പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നു.
നീറ്റ് പേപ്പർ ചോർച്ച, സിബിഎസ്‌ഇ പരീക്ഷാ അപാകതകള്‍ എന്നിവയില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂണ്‍ 6ന് ഡല്‍ഹിയില്‍ സിജെപി വൻ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി സ്ഥാപകൻ അഭിജീത് ദിപ്കെ ജൂണ്‍ 6ന് ഇന്ത്യയില്‍ തിരിച്ചെത്തുന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിയമനങ്ങള്‍. കഴിഞ്ഞ മാസം രൂപീകൃതമായ ഈ വിരോധാഭാസ രാഷ്ട്രീയ കൂട്ടായ്മയ്ക്ക് നിലവില്‍ വിദ്യാർത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വൻ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

