Dailyhunt
കൊലവിളി നിര്‍ത്തു! സമാധാനം ഇപ്പോഴും സാധ്യം; ഇറാനെതിരെയുള്ള ട്രംപിന്റെ മുന്നറിയിപ്പില്‍ ഇടപ്പെട്ട് റഷ്യ

കൊലവിളി നിര്‍ത്തു! സമാധാനം ഇപ്പോഴും സാധ്യം; ഇറാനെതിരെയുള്ള ട്രംപിന്റെ മുന്നറിയിപ്പില്‍ ഇടപ്പെട്ട് റഷ്യ

Janayugom Online 5 days ago

റാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ അന്ത്യശാസനം ലോകത്തെ മഹാദുരന്തത്തിന്റെ വക്കിലെത്തിക്കുന്നു.

ചൊവ്വാഴ്ച രാത്രിയോടെ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഒരു പുരാതന നാഗരികതയെത്തന്നെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ റഷ്യ അതിശക്തമായി രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കാൻ ഭീഷണിയും അന്ത്യശാസനവുമല്ല വേണ്ടതെന്നും സമാധാന ചർച്ചകള്‍ക്ക് സമയം നല്‍കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ലോകത്തെ ഞെട്ടിച്ച സന്ദേശം ട്രംപ് പങ്കുവെച്ചത്. "ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കും, അത് ഒരിക്കലും തിരികെ കൊണ്ടുവരാൻ കഴിയില്ല. അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് സംഭവിക്കാൻ പോവുകയാണ്," ട്രംപ് കുറിച്ചു. ഹോർമുസ് കടലിടുക്ക് ഇനിയും തുറന്നിലെങ്കില്‍ അമേരിക്കൻ സമയം രാത്രി എട്ടു മണിയോടെ ഇറാനു നേരെ ആക്രമണം തുടങ്ങുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ട്രംപിന്റെ ഭീഷണിയെ 'കൊലവിളി' എന്ന് വിശേഷിപ്പിച്ച റഷ്യ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. അലക്സാണ്ടർ ചക്രവർത്തിക്കും മംഗോളിയൻ പടയ്ക്കും പോലും തകർക്കാൻ കഴിയാത്തതാണ് ഇറാന്റെ കരുത്തെന്നും ഒരു 'മനോരോഗിക്ക്' അത് സാധിക്കില്ലെന്നും തുർക്കിയിലെ ഇറാൻ എംബസി പരിഹസിച്ചു. കീഴടങ്ങുന്ന തരത്തിലുള്ള യാതൊരു കരാറിനും തങ്ങള്‍ തയ്യാറല്ലെന്നും എന്നാല്‍ അമേരിക്ക വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ സമാധാനത്തിന് ഒരുക്കമാണെന്നും ഇറാൻ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിന് പുറമെ 'ബാബ് അല്‍ മന്ദബ്' കൂടി അടയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ലോകത്തെ എണ്ണ വിപണിയും ചരക്കുനീക്കവും പൂർണ്ണമായും നിലയ്ക്കുമെന്ന ആശങ്ക ശക്തമായി. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ പശ്ചിമേഷ്യയുടെ ഭൂപടം തന്നെ മാറുമെന്നും ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമെന്നും അന്താരാഷ്ട്ര നിരീക്ഷകർ മുന്നറിയിപ്പ് നല്‍കുന്നു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിതമായ മണിക്കൂറുകളിലൂടെയാണ് പശ്ചിമേഷ്യ ഇപ്പോള്‍ കടന്നുപോകുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online