Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോംഗോയില്‍ എബോള ചികിത്സാ കേന്ദ്രത്തിന് വീണ്ടും തീയിട്ടു

കോംഗോയില്‍ എബോള ചികിത്സാ കേന്ദ്രത്തിന് വീണ്ടും തീയിട്ടു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ മേഖലയിലുള്ള മോങ്‌ബ്വാലു പട്ടണത്തില്‍ എബോള രോഗികള്‍ക്കായി ഒരുക്കിയിരുന്ന താല്‍ക്കാലിക ചികിത്സാ കേന്ദ്രം തീയിട്ട് നശിപ്പിച്ചു.

കടുത്ത രോഗവ്യാപന ഭീതി നിലനില്‍ക്കുന്ന ഈ മേഖലയില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ അതിക്രമമാണിത്. തീപിടിത്തത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും ഈ സമയം ടെന്റിനുള്ളില്‍ ഉണ്ടായിരുന്ന എബോള ബാധ സംശയിക്കുന്ന 18 രോഗികള്‍ രക്ഷപ്പെടാനായി പുറത്തേക്കോടി. ഇവരെക്കുറിച്ച്‌ നിലവില്‍ യാതൊരു വിവരവുമില്ലാത്തത് ആരോഗ്യ പ്രവർത്തകരെ കടുത്ത ആശങ്കയിലാക്കി.

എബോള ബാധിച്ച്‌ മരിച്ചുവെന്ന് സംശയിക്കുന്ന വ്യക്തിയുടെ മൃതദേഹം പരമ്പരാഗത ചടങ്ങുകള്‍ക്കായി വിട്ടുനല്‍കാൻ ആരോഗ്യ വകുപ്പ് വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം. എബോള വൈറസ് ബാധിച്ചു മരിച്ചതിന് ശേഷവും മൃതദേഹത്തില്‍ വളരെ നാളുകള്‍ മാരകമായ വൈറസിന്റെ സാന്നിധ്യം നിലനില്‍ക്കും. രോഗം പടരാതിരിക്കാൻ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക ചട്ടപ്രകാരം ആരോഗ്യ പ്രവർത്തകർ തന്നെയാണ് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത്. എന്നാല്‍ മൃതദേഹങ്ങള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ഗോത്രവിഭാഗങ്ങളും ബന്ധുക്കളും വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടത്തുന്നത്. നേരത്തെ റുവാമ്പാറ പട്ടണത്തിലെ ചികിത്സാ കേന്ദ്രവും അക്രമികള്‍ പൂർണമായി തീയിട്ട് നശിപ്പിച്ചിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ മാത്രം രോഗബാധ സംശയിക്കുന്ന 746 കേസുകളും 176 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഉഗാണ്ടയില്‍ 85 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോംഗോയുമായും ഉഗാണ്ടയുമായും അതിർത്തി പങ്കിടുന്നതിനാല്‍ ദക്ഷിണ സുഡാനിലും രോഗവ്യാപന സാധ്യത വളരെ കൂടുതലാണെന്നാണ് അന്താരാഷ്ട്ര ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online