Dailyhunt
കോണ്‍ഗ്രസിനകത്ത് കത്ത് വിവാദം പുകയുന്നു

കോണ്‍ഗ്രസിനകത്ത് കത്ത് വിവാദം പുകയുന്നു

Janayugom Online 3 days ago

കോണ്‍ഗ്രസിനകത്ത് കത്ത് വിവാദം പുകയുന്നു. തന്നെ സ്ഥാനാർത്ഥിയാക്കരുതെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എഴുതിയെന്ന തരത്തില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് വിശ്വസിക്കുന്നില്ലെന്നും കത്ത് ഒറിജിനലാണെന്ന് കരുതുന്നുവെന്നുമുള്ള കെ സുധാകരൻ എംപിയുടെ പ്രസ്താവന പുറത്ത് വന്നതോടെയാണ് കോണ്‍ഗ്രസിനകത്ത് വീണ്ടും വിവാദം പുകയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പറയുന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എഴുതിയെന്ന് പറയപ്പെടുന്ന കത്തിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഉടന്‍ തന്നെ ഈ കത്ത് വ്യാജമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും ഡിജിപിക്കും സണ്ണി ജോസഫ് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെയാണ് സണ്ണി ജോസഫിന്റെ വാദത്തെ തള്ളി കത്ത് ഒറിജിനലാണെന്ന് കരുതുന്നുണ്ടെന്ന പ്രസ്താവനയുമായി കെ സുധാകരന്‍ രംഗത്തെത്തിയത്. കത്തിന്റെ വസ്തുതയെ കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും മണ്ഡലത്തിലെ പ്രാദേശിക നേതൃത്വങ്ങള്‍ക്കിടയിലും വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നാണ് കത്തില്‍ പറയുന്നത്. കെ സുധാകരന് വിജയസാധ്യത വളരെ കുറവാണ്. നിലവിലുള്ള എംപിമാരെ മത്സരിപ്പിക്കുന്നത് വലിയ ഭവിഷത്തുണ്ടാകുമെന്നും സണ്ണി ജോസഫ് കത്തില്‍ പറയുന്നു. ഏറ്റവും ശക്തനും യോഗ്യനുമായ അഡ്വ. ടി ഒ മോഹനനാണ് കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് അനുയോജ്യനായ മത്സരാര്‍ത്ഥിയെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ തന്നെ ഒരാള്‍ ചതിച്ചതാണെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. സീറ്റ് നിഷേധത്തെ തുടര്‍ന്ന് നേതൃത്വത്തിന്‌ എതിരെ കലാപക്കൊടി ഉയർത്തിയ സുധാകരന്‍ നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. നേതൃത്വത്തിന്റെ തീരുമാനവുമായി സഹകരിക്കണമെന്ന്‌ സണ്ണി ജോസഫ് സുധാകരനോട്‌ ആവശ്യപ്പെട്ടപ്പോള്‍ താൻ വിചാരിച്ചാല്‍ പേരാവൂരില്‍ സണ്ണി ജോസഫ്‌ ഉള്‍പ്പടെയുള്ളവർ തോല്‍ക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയും കഴിഞ്ഞ തവണ ചില്ലറ വോട്ടിനാണ്‌ ജയിച്ചുകയറിയതെന്ന കാര്യം മറക്കരുത്, ഇക്കുറി കളി മാറുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ഒടുവില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി അനുനയിപ്പിച്ചതിന് ശേഷമാണ് കെ സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ തയ്യാറായത്.
സീറ്റ് നിഷേധവുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ തന്നെ പല കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെട്ടിത്തുറന്ന് പറയുകയും പിന്നീട് നേതൃത്വത്തിന്റെ അനുരഞ്ജനത്തില്‍ വഴങ്ങുകയും ചെയ്തെങ്കിലും സുധാകരന് സീറ്റ് നല്‍കരുതെന്ന സണ്ണി ജോസഫിന്റേതെന്ന് പറയപ്പെടുന്ന കത്ത് പരസ്യമായതോടെ നിലവില്‍ പേരാവൂരിലും കണ്ണൂരിലും സണ്ണി ജോസഫിനും ടി ഒ മോഹനനുമെതിരെ കെ സുധാകരന്‍ അനുയായികളുടെ സമീപനം എന്തായിരിക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online