പൊതുഭരണ വകുപ്പിന് സംഭവിച്ച ഗുരുതരമായ പിഴവ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. ഒരു സാധാരണ കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റിനെ ഒറ്റയടിക്ക് കേരളത്തിന്റെ ചീഫ് സെക്രട്ടറിയാക്കി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവാണ് വകുപ്പില്‍ നിന്ന് പുറത്തിറങ്ങിയത്.കഴിഞ്ഞ മാസം മുപ്പതാം തീയതിയാണ് വിവാദത്തിന് ആസ്പദമായ ഉത്തരവ് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചത്.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റായ പ്രദീപ് കുമാറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ളതായിരുന്നു ഫയല്‍. എന്നാല്‍, 'ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ നിലവിലെ ഒഴിവില്‍' എന്ന് രേഖപ്പെടുത്തുന്നതിന് പകരം, 'ചീഫ് സെക്രട്ടറിയുടെ നിലവിലെ ഒഴിവില്‍ പ്രദീപ് കുമാറിനെ നിയമിക്കുന്നു' എന്നാണ് ഉത്തരവില്‍ അച്ചടിച്ചുവന്നത്.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഇരിക്കേണ്ട ചീഫ് സെക്രട്ടറി കസേരയിലേക്കാണ് ഒരു സി. എ ജീവനക്കാരന് നിയമനം നല്‍കിയതെന്ന് ചുരുക്കം. ഉത്തരവ് കൈപ്പറ്റിയ ജീവനക്കാരൻ പോലും ഇതുകണ്ട് അക്ഷരാർത്ഥത്തില്‍ ഞെട്ടിപ്പോയി.വിഷയം സെക്രട്ടേറിയറ്റ് ജീവനക്കാർക്കിടയില്‍ നിമിഷങ്ങള്‍ക്കകം ചർച്ചയായി. സംഗതി കൈവിട്ടുപോകുമെന്ന് മനസിലായതോടെ പൊതുഭരണ വകുപ്പ് അന്നുതന്നെ അടിയന്തരമായി ഇടപെട്ട് പിഴവ് തിരുത്തി പുതിയ ഉത്തരവിറക്കി തലയൂരി. പ്രദീപ് കുമാറിനെ മാറ്റിയത് 'ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കാണെന്ന്' പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും, വകുപ്പിന് പറ്റിയ ഈ അബദ്ധത്തിന്റെ സ്ക്രീൻഷോട്ടുകള്‍ ഇതിനകം തന്നെ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. 'വണ്‍ഡേ ചീഫ് സെക്രട്ടറി' എന്ന രീതിയിലാണ് ട്രോളന്മാർ ഈ വിഷയത്തെ ആഘോഷമാക്കുന്നത്. കടുത്ത ജോലിഭാരവും ഫയലുകള്‍ കൃത്യമായി പരിശോധിക്കാതെ ഒപ്പിടുന്നതുമാണ് ഇത്തരം ഗുരുതരമായ പിഴവുകള്‍ക്ക് കാരണമെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

