Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണം; വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി ഇൻഡിഗോ

കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണം; വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി ഇൻഡിഗോ

Janayugom Online 3 weeks ago

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തെ തുടർന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവ്വീസുകളും താല്ക്കാലികമായി നിർത്തിവെച്ചതായി ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ അറിയിച്ചു.

സുരക്ഷ മുൻനിർത്തി ജൂണ്‍ 4-ാം തീയതി ഉച്ചയ്ക്ക് 12 മണി വരെയുള്ള എല്ലാ ഇൻഡിഗോ സർവ്വീസുകളും പൂർണ്ണമായി റദ്ദാക്കിയതായി കമ്പനി തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അതിന്റെ ഭാഗമായാണ് ഈ മുൻകരുതല്‍ നടപടിയെന്നും എയർലൈൻ വ്യക്തമാക്കി.

പെട്ടെന്നുണ്ടായ ഈ സാഹചര്യത്തില്‍ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചു. നിലവിലെ അടിയന്തര സാഹചര്യം സിവില്‍ ഏവിയേഷൻ അധികൃതരുമായി ചേർന്ന് കമ്പനി നിരന്തരം നിരീക്ഷിച്ചുവരികയാണ്. വ്യോമപാത സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്ന മുറയ്ക്ക് സർവ്വീസുകള്‍ പുനരാരംഭിക്കും. അതിനാല്‍ യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദ്ദേശിച്ചിട്ടുണ്ട്.

സർവ്വീസുകള്‍ റദ്ദാക്കപ്പെട്ട യാത്രക്കാർക്കായി രണ്ട് ഓപ്ഷനുകളാണ് എയർലൈൻ മുന്നോട്ട് വെക്കുന്നത്. യാത്രാ തീയതി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് മറ്റ് സുരക്ഷിത തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി നല്‍കും. യാത്ര പൂർണ്ണമായി റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക യാതൊരു കിഴിവും കൂടാതെ തിരികെ നല്‍കും. ഇതിനായി യാത്രക്കാർക്ക് ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ യാത്രക്കാർ സഹകരിക്കണമെന്നും എയർലൈൻ അഭ്യർത്ഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online