Dailyhunt
കുവൈറ്റിലെ എണ്ണ, വൈദ്യുതി കേന്ദ്രങ്ങള്‍ക്കും ധനകാര്യ മന്ത്രാലയത്തിനും നേരെ ഡ്രോണ്‍ ആക്രമണം; ആളപായമില്ല, അതീവ ജാഗ്രത

കുവൈറ്റിലെ എണ്ണ, വൈദ്യുതി കേന്ദ്രങ്ങള്‍ക്കും ധനകാര്യ മന്ത്രാലയത്തിനും നേരെ ഡ്രോണ്‍ ആക്രമണം; ആളപായമില്ല, അതീവ ജാഗ്രത

Janayugom Online 2 weeks ago

കുവൈറ്റിലെ സുപ്രധാന സർക്കാർ സ്ഥാപനങ്ങളെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി ഔദ്യോഗിക സ്ഥിരീകരണം.

ഞായറാഴ്ച പുലർച്ചെ എണ്ണ, വൈദ്യുത നിലയങ്ങള്‍ക്ക് നേരെയും, ശനിയാഴ്ച വൈകുന്നേരം ധനകാര്യ മന്ത്രാലയത്തിന് നേരെയുമാണ് ആക്രമണങ്ങള്‍ ഉണ്ടായത്. ഇറാനിയൻ ഡ്രോണുകളാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.

ഷുവൈഖ് ഏരിയയിലുള്ള ഓയില്‍ സെക്ടർ കോംപ്ലക്സ്, രണ്ട് വൈദ്യുത-ജല ശുദ്ധീകരണ നിലയങ്ങള്‍ എന്നിവയാണ് ഞായറാഴ്ച ലക്ഷ്യമിടപ്പെട്ടത്. ആക്രമണത്തെത്തുടർന്ന് ഓയില്‍ സെക്ടർ കോംപ്ലക്സില്‍ തീപിടുത്തമുണ്ടാകുകയും രണ്ട് പവർ ജനറേഷൻ യൂണിറ്റുകള്‍ പ്രവർത്തനരഹിതമാവുകയും ചെയ്തു. ഇതിനുപുറമെ, ശനിയാഴ്ച വൈകുന്നേരം മിനിസ്ട്രി കോംപ്ലക്സിലെ ധനകാര്യ മന്ത്രാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കെട്ടിടത്തിന് കാര്യമായ ഭൗതിക നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും തന്നെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഓയില്‍ സെക്ടർ കെട്ടിടം പൂർണ്ണമായും ഒഴിപ്പിച്ചു. ധനകാര്യ മന്ത്രാലയത്തിലെ ജീവനക്കാർക്ക് ഇന്ന് (ഞായറാഴ്ച) വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മന്ത്രാലയത്തില്‍ സന്ദർശകർക്ക് അനുമതി ഉണ്ടായിരിക്കില്ല.
നിലവില്‍ എമർജൻസി ടീമുകളും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും അറ്റകുറ്റപ്പണികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ വൈദ്യുതി, ജല വിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നതിനും മുൻഗണന നല്‍കുന്നതായും അധികൃതർ അറിയിച്ചു. സാഹചര്യം നിയന്ത്രണവിധേയമാണെന്നും സുരക്ഷാ ഏജൻസികള്‍ അതീവ ജാഗ്രതയിലാണെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online