Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്യൂബയ്ക്കുമേല്‍ ചിറകുവിരിച്ച്‌  സാമ്രാജ്യത്വ കഴുകൻ

ക്യൂബയ്ക്കുമേല്‍ ചിറകുവിരിച്ച്‌ സാമ്രാജ്യത്വ കഴുകൻ

Janayugom Online 21 hrs ago

വെനസ്വേലക്കും ഇറാനും പിന്നാലെ ക്യൂബയുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും വെല്ലുവിളിച്ചുകൊണ്ട് സൈനിക ഇടപെടലിനുള്ള തയ്യാറെടുപ്പിന്റെ പാരമ്യത്തിലാണ് ട്രംപ് ഭരണകൂടം.

അന്തരാഷ്ട്ര നിയമങ്ങളും മര്യാദകളും കാറ്റില്‍പ്പറത്തി വെനസ്വേലയിലെ മഡുറൊ ഭരണകൂടത്തെ അട്ടിമറിച്ചതിനെത്തുടർന്ന് അറുപതുവർഷത്തിലേറെയായി ക്യൂബയ്ക്കെതിരെ യുഎസ് ഭരണകൂടങ്ങള്‍ തുടർന്നുവന്നിരുന്ന രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ ഉപരോധം ട്രംപ് ഭരണകൂടം കടുപ്പിച്ചിരുന്നു. അത് ക്യൂബയെ സാമ്പത്തികമായും ഊർജ ആവശ്യങ്ങളിലും തളർത്തുകയും തകർക്കുകയും ചെയ്തതിന് പിന്നാലെയാണ് തങ്ങളുടെ സ്വതസിദ്ധമായ സാമ്രാജ്യത്വ മുഠാളത്തം പ്രയോഗിക്കാനുള്ള ഇപ്പോഴത്തെ നീക്കം. ഒരു ചെറു ദ്വീപ്‌രാഷ്ട്രമായ ക്യൂബ വൈദ്യുതി ഉല്പാദനത്തിനും ചരക്കുനീക്കമടക്കം ഗതാഗത ആവശ്യങ്ങള്‍ക്കും വെനസ്വേലയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിയെയാണ് ആശ്രയിച്ചിരുന്നത്.

വെനസ്വേലയിലെ മഡുറൊ ഭരണകൂടത്തിന്റെ തകർച്ചയോടെ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി യുഎസ് തടഞ്ഞിരുന്നു. അത് വിവരണാതീതമായ ദുരിതത്തിലേക്കാണ് ജനങ്ങളെ തള്ളിനീക്കിയത്. ജനങ്ങളുടെ ദുരിതങ്ങളെ മുതലെടുത്ത് ക്യൂബയെ പൂർണമായും വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കം വിജയം കാണാതായതോടെയാണ് സൈനിക ഇടപെടലിലൂടെ ക്യൂബയെയും രാജ്യത്തെ സാമ്രാജ്യവിരുദ്ധ വിപ്ലവ ഭരണകൂടത്തെയും നിലംപരിശാക്കാനുള്ള യുഎസ് നീക്കം ആരംഭിച്ചത്. 33 കോടി ജനസംഖ്യയും ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ, സൈനിക, സാമ്പത്തിക ശക്തിയുമായ യുഎസാണ് ഒരുകോടിയില്‍ താഴെമാത്രം ജനസംഖ്യയുള്ള, സാമ്രാജ്യത്ത ഉപരോധത്തില്‍ ദുരിതത്തിലായ ഒരു രാഷ്ട്രത്തെയും ജനതയെയും കീഴ്പ്പെടുത്തി അടിമകളാക്കാൻ ശ്രമിക്കുന്നത്. അതിനവർ കണ്ടത്തിയ ആയുധമാകട്ടെ ക്യൂബ യുഎസിന്റെ രാഷ്ട്രസുരക്ഷക്ക് ഭീഷണിയാണെന്ന വാദമാണ്! അത് സ്ഥാപിക്കാൻ വേണ്ടി 30 വർഷങ്ങള്‍ക്കുമുമ്പുണ്ടായ ഒരു സംഭവം പൊടിതട്ടിയെടുത്ത് ക്യൂബയുടെ മുൻ പ്രസിഡന്റും സാമ്രാജ്യവിരുദ്ധ വിപ്ലവ നായകനും ഫിഡല്‍ കാസ്ട്രോയുടെ സഹോദരനും 94 വയസ് പിന്നിട്ട വയോധികനുമായ റൗവുള്‍ കാസ്ട്രോ ഉള്‍പ്പടെയുള്ളവരെ കുറ്റവാളികളായി പ്രഖ്യാപിച്ച്‌ സൈനികനീക്കത്തിലൂടെ പിടികൂടി യുഎസിലെത്തിച്ച്‌ വിചാരണ ചെയ്യാനുള്ള നീക്കമാണ് നടത്തുന്നത്.

1959ലെ സാമ്രാജ്യത്വവിരുദ്ധ ക്യൂബൻ വിപ്ലവത്തിന്റെ വിജയത്തിന് മുമ്പുതന്നെ ആ കൊച്ച്‌ ദ്വീപരാഷ്ട്രത്തിനെതിരായ യുഎസ് ഉപരോധം ആരംഭിച്ചിരുന്നു. യുഎസിന്റെ, പ്രത്യേകിച്ചും ക്യൂബയിലെ ചൂതാട്ട കേന്ദ്രങ്ങളെ നിയന്ത്രിച്ചിരുന്ന അമേരിക്കൻ മാഫിയ സംഘങ്ങളുടെയും ക്യൂബയുടെ മുഖ്യ കാർഷിക, കയറ്റുമതി വിഭവങ്ങളായ പഞ്ചസാരയുടെയും റമ്മിന്റെയും വിലയും വിപണിയും നിയന്ത്രിച്ചിരുന്ന നിക്ഷിപ്ത സാമ്പത്തിക താല്പര്യങ്ങളുടെയും നിയന്ത്രണത്തിലായിരുന്ന ഫുള്‍ജൻസിയോ ബാറ്റിസ്റ്റയുടെ പാവഭരണത്തെ നിഷ്കാസനം ചെയ്തുകൊണ്ടാണ് ക്യൂബൻ വിപ്ലവം വിജയം വരിച്ചത്. അന്നുമുതല്‍ വിപ്ലവ ഭരണകൂടത്തെ അട്ടിമറിക്കാൻ യുഎസ് ഭരണകൂടവും അവരുടെ മാഫിയ, സാമ്പത്തിക താല്പര്യങ്ങളും വിപ്ലവ വിജയത്തെത്തുടർന്ന് മിയാമി തീരത്ത് നിലയുറപ്പിച്ച ക്യൂബൻ മധ്യവർഗ-വിമത താല്പര്യങ്ങളും നിരന്തരം ശ്രമിച്ചുപോന്നു. നൂറുകണക്കിന് അട്ടിമറിശ്രമങ്ങളാണ് ക്യൂബക്കെതിരെ കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെയായി നടന്നിട്ടുള്ളത്. 2025 സെപ്റ്റംബറിനുശേഷം മാത്രം ക്യൂബയെ സഹായിക്കാൻ ശ്രമിച്ച കപ്പലുകള്‍ക്കുനേരെ 60ല്‍ അധികം ആക്രമണങ്ങള്‍ നടന്നു. അവയില്‍ 193 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

1976ല്‍ ക്യൂബയുടെ ഫെൻസിങ് ടീം അംഗങ്ങള്‍ ഉള്‍പ്പടെ 73 യാത്രികരുടെ മരണത്തില്‍ കലാശിച്ച ബോംബിങ്ങില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ അന്തരാഷ്ട്രനിയമങ്ങളെ കാറ്റില്‍പറത്തി മരണം വരെ സംരക്ഷിച്ചതും യുഎസ് ഭരണകൂടമാണ്. ക്യൂബക്കെതിരായ യുഎസ് ഭരണകൂടത്തിന്റെയും നിക്ഷിപ്ത താല്പര്യങ്ങളുടെയും അതിക്രമങ്ങളും കൊടുംക്രൂരതകളും വിവരണാതീതമാണ്. ക്യൂബയുടെ നിരന്തരമായ മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ 1996ല്‍ ക്യൂബൻ അതിർത്തി ലംഘിച്ച ഒരു വിമാനം അവർ വെടിവച്ചിട്ടിരുന്നു. ക്യൂബയില്‍ അട്ടിമറി സംഘടിപ്പിക്കാൻ യുഎസ് പരിശീലനം ലഭിച്ച വിമതർ നിരന്തരം ശ്രമിച്ചിരുന്നു. അത്തരം ഒരുവിമാനമാണ് ക്യൂബൻ പ്രതിരോധസേന തകർത്തത്. 30 വർഷത്തിനുശേഷം ആ സംഭവത്തിന്റെ പേരില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന റൗവുള്‍ കാസ്ട്രോ ഉള്‍പ്പടെ വിപ്ലവകാരികളില്‍ അഞ്ചുപേരെ കുറ്റവാളികളായി പ്രഖ്യാപിച്ചുള്ള സൈനിക നടപടിക്കാണ് ഇപ്പോള്‍ യുഎസ് നീക്കം. ട്രംപിന്റെ രാഷ്ട്രീയ, ബിസിനസ് താല്പര്യങ്ങളുടെ കേന്ദ്രമാണ് ക്യൂബൻ വിമതരുടെ താവളമായ മിയാമി (ഫ്ലോറിഡ സ്റ്റേറ്റ്) എന്നതും കൂട്ടിവായിക്കുക.

അന്തരാഷ്ട്ര നിയമങ്ങളും സംഘടനകളും നീതിന്യായവ്യവസ്ഥയും ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടത്തിന്റെ ഭ്രാന്തവും ധിക്കാരപരവും മാനവികതയെ അപ്പാടെ നിരാകരിക്കുന്നതുമായ നയസമീപനങ്ങളുടെ ഫലമായി കടുത്ത പ്രതിസന്ധിയെയും ശൈഥില്യത്തെയുമാണ് നേരിടുന്നത്. അതിനെതിരെ രാഷ്ട്രീയവും ധാർമ്മികവുമായ പ്രതിരോധം ഉയർത്തേണ്ട ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഭരണാധികാരികള്‍ ട്രംപിന്റെ മുമ്പില്‍ പഞ്ചപുച്ഛമടക്കി വിശ്വസ്തവിധേയരായി നില്‍ക്കുന്ന ദയനീയവും അപമാനകാരവുമായ കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. മഡുറൊയ്ക്ക് പകരം വെനസ്വേലയില്‍ അധികാരത്തില്‍ ട്രംപ് ഭരണകൂടം അവരോധിച്ച പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ ഇന്ത്യാ സന്ദർശനവാർത്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയില്‍ നിന്നും കേള്‍ക്കേണ്ടിടത്തോളം മോഡി ഭരണകൂടത്തിന്റെ അടിമമനോഭാവം എത്തിയിരിക്കുന്നു എന്നതാണ് അവസ്ഥ. അത്തരം ഒരു ലോകസാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യകാംഷികളുടെയും ജനാധിപത്യ വിശ്വാസികളുടെയും രാജ്യാതിർത്തികള്‍ ഭേദിക്കുന്ന രാഷ്ട്രാന്തര ഐക്യദാർഢ്യത്തിലായിരിക്കും മനുഷ്യരാശിയുടെ സാമ്രാജ്യത്വവിരുദ്ധ വിമോചന പ്രതീക്ഷ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online