വടകരയിലെ എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാർക്കെതിരെ വിദ്യാഭ്യാസവകുപ്പിന്റെ നടപടി. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യല്‍ എജ്യുക്കേറ്റർമാരായ മരുതോങ്കര സ്വദേശിനി കെ സി കീർത്തന, കൂരാച്ചുണ്ട് സ്വദേശിനി കാവ്യ എന്നിവരെ പിരിച്ചുവിട്ടു.
ലഹരി ഇടപാടില്‍ ഇരുവർക്കും പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് നടപടി. ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിർണായക വിവരം പൊലീസിന് ലഭിച്ചത്.
ഈ മാസം 11നാണ് കെ സി കീർത്തന അറസ്റ്റിലാവുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് കാവ്യയിലേക്ക് അന്വേഷണ സംഘം എത്തിയത്. മയക്കുമരുന്ന് വേണ്ടവര്‍ക്ക് ക്യൂആർ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാർക്ക് ഗൂഗിള്‍ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തില്‍ അധ്യാപികമാർക്കെതിരെ കണ്ടെത്തിയത്.
കീർത്തനയുടെ അക്കൗണ്ടില്‍ നിന്നും ലഹരി സംഘാംഗങ്ങളുടെ അക്കൗണ്ടില്‍ നിന്നും കാവ്യയുടെ അക്കൗണ്ടില്‍ പണം എത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. വില്പനക്കാരുടെയും ആവശ്യക്കാരുടെയും ഇടനിലക്കാരിയായാണ് കീർത്തന പ്രവർത്തിച്ചിരുന്നത്. 2000 രൂപ വീതമാണ് കീർത്തനയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നത്. ഈ പണം പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കാവ്യയുടെ അക്കൗണ്ടിലേക്കും പല ഇടങ്ങളില്‍ നിന്ന് പണം എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നിരിക്കുന്നത്. രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫ്‌വാനില്‍ നിന്നാണ് ഓപ്പറേഷൻ തൂഫാനിലൂടെ നിർണായക വിവരം പൊലീസിന് കിട്ടുന്നത്. അധ്യാപക പരിശീലനവും ശില്പശാലയും സംഘടിപ്പിക്കുകയും വിദ്യാലയങ്ങളില്‍ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യേണ്ട രണ്ട് അധ്യാപികമാരെയാണ് ലഹരിസംഘം ഇടനിലക്കാരാക്കിയത്. അധ്യാപികമാർക്ക് പണം അയച്ച് കൊടുത്തവരെയും എംഡിഎംഎ കൈമാറുന്നവരെയും കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

