Dailyhunt
ലഹരി ശൃംഖലയിലെ ഇടപാടുകാര്‍ വമ്പൻ വിഐപിമാര്‍

ലഹരി ശൃംഖലയിലെ ഇടപാടുകാര്‍ വമ്പൻ വിഐപിമാര്‍

Janayugom Online 2 weeks ago

ഗരത്തിലെ കൊമ്പൻ സ്രാവുകളുടെ ഡ്രഗ് പാർട്ടിക്ക് പിന്നിലെ പ്രധാന കണ്ണി കെവിൻ ബി മാത്യുവിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെ പുറത്തുവരുന്നത് കൊച്ചിയിലെ ഉന്നത ലഹരി ഇടപാടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍.

കേന്ദ്രമന്ത്രിസഭയില്‍ നിർണായക സ്വാധീനമുള്ള സിനിമാബന്ധമുള്ള രാഷ്ട്രീയ നേതാവിന്റെ മകന് കെമിക്കല്‍ ഡ്രഗ്സിന്റെ ഹോള്‍സെയില്‍ ഡീലറായ തൃക്കാക്കര ചെമ്പുമുക്ക് സ്വദേശി കെവിൻ മാത്യുവുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ രണ്ട് സിനിമ താരങ്ങളുടെ മക്കളെ പൊലീസ് നിരീക്ഷണത്തിലാക്കി. സിനിമാ മേഖലയിലെ യുവതാരങ്ങള്‍ക്കും താരപുത്രന്മാർക്കും പുറമെ പ്രമുഖ ഡോക്ടർമാരും അഭിഭാഷകരും കെവിന്റെ കസ്റ്റമർ ലിസ്റ്റിലുണ്ടെന്ന മൊഴി അന്വേഷണ സംഘത്തെ ഞെട്ടിച്ചു. വിവിധ ആശുപത്രികളിലെ യുവഡോക്ടർമാർക്കും ദന്തഡോക്ടർമാർക്കും താൻ ലഹരി എത്തിച്ചിരുന്നതായി കെവിൻ പൊലീസിനോട് സമ്മതിച്ചു. ഇവരുടെ മൊഴികള്‍ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.

സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളെയും പെണ്‍കുട്ടികളെയും കെണിയില്‍ വീഴ്ത്തി ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്നതായും കണ്ടെത്തലുണ്ട്. ഇത്തരത്തില്‍ ഇയാള്‍ ഉണ്ടാക്കിയെടുത്ത ലഹരി റാക്കറ്റിനെക്കുറിച്ച്‌ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ഡ്രഗ് പാർട്ടികളിലേക്ക് എംഡിഎംഎയും എക്സ്റ്റസി പില്‍സും എത്തിച്ചിരുന്നത് കെവിനായിരുന്നു. ലഹരി വിതരണത്തിനായി പ്രത്യേക ഏജന്റുമാരെയും ഇയാള്‍ നിയമിച്ചിരുന്നു. ഇതില്‍ രണ്ട് ഏജന്റുമാരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി.

തൃശൂരിലെയും തിരുവനന്തപുരത്തെയും രണ്ട് സിനിമാ താരങ്ങളുടെ മക്കളുമായി കെവിൻ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. ഇവരുമായി കെവിൻ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിച്ചുവരികയാണ്. ലഹരി ശൃംഖലയുടെ വേരുകള്‍ കണ്ടെത്താൻ കെവിനെ വൈറ്റ് കോളർ ഡ്രഗ് പാർട്ടി കേസുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് വിശദമായി ചോദ്യം ചെയ്യും. കൊച്ചിയിലെ നൈറ്റ് പാർട്ടികളിലും ഡിജെ പാർട്ടികളിലും എത്തുന്നവരിലേക്ക് ലഹരി ഒഴുകുന്നത് കെവിൻ വഴിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖർ ലഹരി ശൃംഖലയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online