ലൈംഗിക അതിക്രമ കേസുകളില്‍ വിധി പറയുമ്പോള്‍ കോടതികള്‍ സ്ത്രീവിരുദ്ധവും ഇരകളെ കുറ്റപ്പെടുത്തുന്നതുമായ ഭാഷ ഒഴിവാക്കണമെന്ന് നാഷനല്‍ ജുഡീഷ്യല്‍ അക്കാഡമിയുടെ പുതിയ മാർഗരേഖ.
പുരുഷാധിപത്യ വാർപ്പുമാതൃകകളെ പ്രോത്സാഹിപ്പിക്കുന്ന ശൈലി വിധിന്യായങ്ങളില്‍ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്നും, അതിജീവിച്ചവരുടെ അന്തസ്സ് സംരക്ഷിക്കുന്ന സമീപനം ജഡ്ജിമാർ സ്വീകരിക്കണമെന്നും നിർദേശിക്കുന്നു. സുപ്രീം കോടതി നിർദേശപ്രകാരം മുൻ ജഡ്ജി ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ഈ റിപ്പോർട്ട് തയാറാക്കിയത്.
നിസ്സഹായയായ സ്ത്രീ, കാമം, പവിത്രത നഷ്ടപ്പെട്ടു, സ്ത്രീയുടെ ലജ്ജ, വീണുപോയ സ്ത്രീ, തുടങ്ങിയ പ്രയോഗങ്ങള്‍ ഇനി വിധിന്യായങ്ങളില്‍ ഉപയോഗിക്കരുത്. ഇത്തരം വാക്കുകള്‍ അതിജീവിതകളെ വീണ്ടും മാനസികമായി തളർത്തുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. പകരം അതിജീവിത, ഇര, പരാതിക്കാരി എന്നീ നിയമപരമായ വാക്കുകള്‍ ഉപയോഗിക്കണം. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ അവരുടെ സംവേദനക്ഷമത മാനിക്കുന്ന ഭാഷ മാത്രമേ ഉപയോഗിക്കാവൂ.
വിചാരണവേളയില്‍ ഇരകളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള വിസ്താരം പാടില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. എന്തിനാണ് രാത്രി പുറത്തുപോയത്, ഏതുതരത്തിലുള്ള വസ്ത്രമാണ് ധരിച്ചത്, പരാതി നല്‍കാൻ വൈകിയതെന്ത് തുടങ്ങിയ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ പൂർണ്ണമായി ഒഴിവാക്കണം. ദുർബലരായ സാക്ഷികള്‍ക്ക് വീഡിയോ കോണ്‍ഫറൻസ് വഴി മൊഴി നല്‍കാൻ സൗകര്യമൊരുക്കണം. അലഹബാദ് ഹൈക്കോടതി വിധിയിലെ വിവാദ പരാമർശങ്ങളെ തുടർന്ന് സുപ്രീം കോടതി സ്വമേധയാ ഇടപെട്ടാണ് നാഷനല്‍ ജുഡീഷ്യല്‍ അക്കാഡമിയോട് മാർഗരേഖ തയാറാക്കാൻ കോടതി നിർദേശിച്ചത്.

