ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് രാജിവെച്ചു. ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് പന്തിന്റെ രാജി.
ക്യാപ്റ്റൻസി ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന പന്തിന്റെ അഭ്യർത്ഥന ഫ്രാഞ്ചൈസി മാനേജ്‌മെന്റ് അംഗീകരിച്ചതായി ലഖ്നൗ സൂപ്പർ ജയന്റ്സ് ഔദ്യോഗികമായി അറിയിച്ചു.
ഈ സീസണില്‍ കനത്ത ഫോമില്ലായ്മയിലൂടെ കടന്നുപോയ ലഖ്നൗ 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. വെറും എട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. നായകനെന്ന നിലയില്‍ മാത്രമല്ല, ബാറ്ററെന്ന നിലയിലും പന്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. 14 മത്സരങ്ങളില്‍ നിന്ന് 138.05 സ്ട്രൈക്ക് റേറ്റില്‍ 312 റണ്‍സാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് സീസണുകളിലായി ലഖ്നൗവിനായി കളിച്ച പന്ത് ആകെ 581 റണ്‍സാണ് സ്വന്തമാക്കിയത്.
വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പന്തിന്റെ രാജി ഉടൻ പ്രാബല്യത്തില്‍ വരുന്നതായി ഫ്രാഞ്ചൈസി വ്യക്തമാക്കി. ഈ തീരുമാനം പന്തിന് എളുപ്പമായിരുന്നില്ലെന്ന് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറായ ടോം മൂഡി പ്രതികരിച്ചു. ടീമിന്റെ പുനഃസംഘടനയ്ക്കും ശക്തമായ തിരിച്ചുവരവിനുമായിരിക്കും ഇനി ഫ്രാഞ്ചൈസി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പന്തിന് പകരം ആരാകും പുതിയ നായകൻ എന്ന കാര്യത്തില്‍ ലഖ്നൗ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പുതിയ സീസണിന് മുമ്പ് ഉചിതമായ സമയത്ത് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു.

