Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കല്‍; ഭരണകൂടത്തിനെതിരെ വീണ്ടും പ്രതിഷേധം ഉയരുന്നു

ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കല്‍; ഭരണകൂടത്തിനെതിരെ വീണ്ടും പ്രതിഷേധം ഉയരുന്നു

Janayugom Online 4 months ago

ലക്ഷദ്വീപിലെ അഗത്തി ദ്വീപില്‍ ബീച്ച്‌ വികസനത്തിനും പുതിയ തീരദേശ റോഡ് നിർമ്മാണത്തിനുമായി വൻതോതില്‍ ഭൂമി ഏറ്റെടുക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.

ദ്വീപ് നിവാസികളുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ട് ഏകദേശം 30 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതില്‍ വലിയൊരു പങ്ക് തദ്ദേശീയരായ പട്ടികവർഗ വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ളതാണ്. വളരെ ചെറിയ പവിഴപ്പുറ്റ് ദ്വീപുകളില്‍ ഇത്തരത്തിലുള്ള വൻകിട നിർമ്മാണങ്ങള്‍ നടത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്നാണ് ദ്വീപ് നിവാസികളുടെ പ്രധാന ആശങ്ക. ആകെ 3.84 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണവും പരമാവധി 10 കിലോമീറ്റർ നീളവുമുള്ള ചെറിയൊരു ദ്വീപാണ് അഗത്തി. 36 ദ്വീപുകളുള്ള ലക്ഷദ്വീപിന്റെ മൊത്തം കരഭൂമി 32 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. 10 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. അഗത്തി ദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് ബീച്ച്‌ വികസനത്തിനായി 42,940 ചതുരശ്ര മീറ്ററും കിഴക്കുവശത്ത് തീരദേശ റോഡിനായി 78,419 ചതുരശ്ര മീറ്ററും ഏറ്റെടുക്കാനാണ് 2026 മേയ് 25ന് ഭരണകൂടം പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. കവരത്തിയിലെ സോഷ്യല്‍ ഇംപാക്‌ട് അസസ്മെന്റ് ആന്റ് കണ്‍സെന്റ് സൊസൈറ്റി ഇതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശവാസികളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കടലാക്രമണങ്ങളില്‍ നിന്നും പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും ദ്വീപിനെ സംരക്ഷിക്കുന്ന പവിഴപ്പുറ്റുകള്‍ക്ക് ഇത്തരം വലിയ കോണ്‍ക്രീറ്റ് നിർമ്മാണങ്ങളുടെ സമ്മർദ്ദം താങ്ങാൻ കഴിയില്ലെന്ന് പ്രദേശവാസിയായ അബ്ദുള്‍ ജലീല്‍ പറഞ്ഞു. ‍ടൂറിസത്തിന്റെ പേരില്‍ സമീപകാലത്തുണ്ടായ പല വികസന പദ്ധതികളും തങ്ങളുടെ ഭൂമിയുടെയും സംസ്കാരത്തിന്റെയും നിലനില്പിനെ ബാധിക്കുമെന്ന ഭയം ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്. തദ്ദേശവാസികളെ ദ്വീപില്‍ നിന്ന് കുടിയിറക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. നിയമപ്രകാരം ഗ്രാമസഭകളുടെയോ ഭൂവുടമകളുടെയോ നിർബന്ധിത അനുമതി വാങ്ങാതെയാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി അഗത്തിയുടെ മൊത്തം വിസ്തൃതിയുടെ മൂന്ന് ശതമാനത്തിലധികം വരും.
ഭരണകൂടത്തിന്റെ പദ്ധതികള്‍ ദ്വീപില്‍ വലിയ തോതിലുള്ള കുടിയിറക്കലിനും സാധാരണക്കാരുടെ ഉപജീവനമാർഗങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകുമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സയീദ് പറഞ്ഞു. എന്നാല്‍ ഇത് പ്രാഥമിക വിജ്ഞാപനം മാത്രമാണെന്നും ബാധിക്കപ്പെടുന്ന എല്ലാ കക്ഷികള്‍ക്കും തങ്ങളുടെ പരാതികളും എതിർപ്പുകളും അറിയിക്കാൻ നിയമപരമായ സമയം നല്‍കുമെന്നും ലക്ഷദ്വീപ് കളക്ടർ ശിവം ചന്ദ്ര പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online