Dailyhunt
ലെബനനില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നു; ഒറ്റരാത്രിയില്‍ കൊല്ലപ്പെട്ടത് 254 പേര്‍

ലെബനനില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നു; ഒറ്റരാത്രിയില്‍ കൊല്ലപ്പെട്ടത് 254 പേര്‍

വെടിനിർത്തല്‍ ചർച്ചകള്‍ക്കിടെ ലെബനനില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. കഴിഞ്ഞ ഒറ്റരാത്രിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 254 പേർ കൊല്ലപ്പെടുകയും 1,155 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മധ്യ ബെയ്‌റൂട്ടിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണങ്ങള്‍. രാജ്യത്തുടനീളം നൂറിലധികം വ്യോമാക്രമണങ്ങള്‍ നടന്നതായി ലെബനൻ ആരോഗ്യ മന്ത്രി റാകൻ നസറുദ്ദീൻ സ്ഥിരീകരിച്ചു. മാർച്ച്‌ 2ന് സൈനിക നടപടി ആരംഭിച്ചതിന് ശേഷം ലെബനനിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഇസ്രയേല്‍ സൈന്യവും വ്യക്തമാക്കി. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു.

ഇറാനെതിരെ യുഎസ്-ഇസ്രയേല്‍ സംയുക്ത വെടിനിർത്തല്‍ പ്രഖ്യാപനവും ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള നീക്കങ്ങളും സജീവമായിരിക്കെയാണ് ഈ പുതിയ ആക്രമണങ്ങള്‍. ഹോർമുസിലൂടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കാമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ സമാധാന ചർച്ചകള്‍ നടക്കാനിരിക്കെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചത് പശ്ചിമേഷ്യയില്‍ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. തകർന്ന ആരോഗ്യമേഖലയെ സഹായിക്കാൻ ലെബനൻ അന്താരാഷ്ട്ര സംഘടനകളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online