Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലേബര്‍ കോഡ്: മുഖ്യമന്ത്രിയുടേത് കടുത്ത തൊഴിലാളി വഞ്ചന

ലേബര്‍ കോഡ്: മുഖ്യമന്ത്രിയുടേത് കടുത്ത തൊഴിലാളി വഞ്ചന

Janayugom Online 3 weeks ago

ജൂലൈ 29ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ തൊഴിലാളികളുടെയും കർഷകരുടെയും വലിയൊരു കണ്‍വെൻഷൻ ചേർന്നിരുന്നു. 10 കേന്ദ്ര തൊഴിലാളി സംഘടനകളുടെയും പ്രമുഖ കർഷക പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ ആയിരങ്ങളാണ് ഇതില്‍ പങ്കെടുത്തത്.

ഇടതു സംഘടനകളായ എഐടിയുസി, സിഐടിയു എന്നിവയ്ക്കൊപ്പം കേരളത്തില്‍ ഇപ്പോഴത്തെ ഭരണമുന്നണിയായ യുഡിഎഫ് ഘടകകക്ഷികളുടെ പോഷക സംഘടനകളായ ഐഎൻടിയുസി, യുടിയുസി എന്നിവയും കണ്‍വെൻഷനില്‍ പങ്കെടുക്കുകയുണ്ടായി. മുസ്ലിം ലീഗിന്റെ തൊഴിലാളി വിഭാഗമായ എസ്‌ടിയുവും ഈ കൂട്ടായ്മയുടെ ഭാഗമാണ്. കേന്ദ്ര തൊഴിലാളി സംഘടനകള്‍ നടത്തിവന്നിരുന്ന ഒന്നൊഴികെ എല്ലാ പ്രക്ഷോഭങ്ങളിലും ഈ സംഘടനകള്‍ ഭാഗഭാക്കായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നതിനാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ദേശീയ പണിമുടക്കിലാണ് അവർ പങ്കെടുക്കാതിരുന്നത്. ഐഎൻടിയുസി ഉള്‍പ്പെടെ പങ്കെടുത്ത ദേശീയ കണ്‍വെൻഷൻ ഓഗസ്റ്റ് 10ന് ജയില്‍ നിറയ്ക്കല്‍ ഉള്‍പ്പെടെ ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ പ്രക്ഷോഭത്തിലെ ആദ്യ മുദ്രാവാക്യം ബിജെപി സർക്കാരിന്റെ നാല് ലേബർ കോഡുകള്‍ റദ്ദാക്കുക എന്നതാണ്. തൊഴിലാളികളും കർഷകരുമായി ബന്ധപ്പെടുന്ന വിവിധ ആവശ്യങ്ങളും ഉന്നയിക്കുന്നു. ഇതേദിവസമാണ് കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് ലേബർ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉടമകളുടെ താല്പര്യത്തിനനുസൃതമായി തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്നു എന്നതുകൊണ്ടാണ് ബിജെപി സർക്കാരിന്റെ ലേബർ കോഡുകളെ എല്ലാ തൊഴിലാളി സംഘടനകളും എതിർക്കുന്നത്. കോവിഡ് മഹാമാരിക്കാലത്താണ് അതുവരെ നിലവിലുണ്ടായിരുന്ന വിവിധ തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് നാല് കോഡുകളാക്കുന്നതിന് ബിജെപി സർക്കാർ നീക്കം ആരംഭിച്ചത്. നീണ്ടകാല പോരാട്ടത്തിന്റെ ഫലമായി തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളെല്ലാം ഉടമകളുടെ ലാഭേച്ഛയ്ക്കും താല്പര്യങ്ങള്‍ക്കും അനുസൃതമായി മാറ്റിയെഴുതുകയായിരുന്നു നാല് ലേബർ കോഡുകളുടെയും ആത്യന്തിക ലക്ഷ്യം. വേതനം, തൊഴില്‍ സുരക്ഷ, വ്യാവസായിക ബന്ധം, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നാല് കോഡുകളും ഫലത്തില്‍ അതുവരെ ഈ മേഖലയിലുണ്ടായിരുന്ന എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാക്കുന്നവയായിരുന്നു. മുമ്പ് 100 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് ലേ-ഓഫ് ചെയ്യാനോ സ്ഥാപനം പൂട്ടാനോ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടിയിരുന്നു. ഈ പരിധി 300 തൊഴിലാളികള്‍ വരെയാക്കി. പ്രതിദിന ജോലി സമയം എട്ട് മണിക്കൂറില്‍ നിന്ന് 12 മണിക്കൂർ വരെയാക്കുകയും സമരം ചെയ്യുന്നതിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ എല്ലാ വ്യവസായങ്ങള്‍ക്കും ബാധകമാക്കുകയും ചെയ്തു. അതുവരെയുണ്ടായിരുന്ന എല്ലാ സുരക്ഷകളും ആനുകൂല്യങ്ങളും ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാകുക എന്ന ആശങ്ക വ്യാപകമായതിനാല്‍ വൻ പ്രക്ഷോഭങ്ങളെയാണ് സർക്കാരിന് നേരിടേണ്ടിവന്നത്. അതിനാല്‍ വിജ്ഞാപനം ചെയ്യുന്നത് നീട്ടിവയ്ക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറായി. പക്ഷേ കഴിഞ്ഞ നവംബർ മുതല്‍ നാല് കോഡുകളും പ്രാബല്യത്തില്‍ വരുത്തി വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് നരേന്ദ്ര മോഡി സർക്കാർ ചെയ്തത്. തൊഴില്‍, കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്ന വിഷയമായതിനാല്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് സർക്കാർ ലേബർ കോഡുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നുമാത്രമല്ല നേരത്തെയുണ്ടായിരുന്ന തൊഴില്‍ നിയമപരിധിക്ക് പുറത്തുള്ളവരെയും ചേർത്തുനിർത്തുന്നതിനുള്ള അസംഘടിത തൊഴിലാളി സംരക്ഷണത്തിനായുള്ള ബില്ലുകള്‍ നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ലേബർ കോഡുകള്‍ നടപ്പിലാക്കാതിരിക്കാൻ ആകില്ലെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരിക്കുന്നത്. ഇതു നടപ്പിലാക്കുന്നില്ലെങ്കില്‍ ഒരു തൊഴില്‍ നിയമവും ഇല്ലെന്ന സ്ഥിതിയാകുമെന്നും നടപ്പിലാക്കില്ലെന്ന് പറയാൻ എളുപ്പമാണ്, എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കി, ചില നിർദേശങ്ങളില്‍ മാത്രമാണ് എതിർപ്പ് എന്നിങ്ങനെ വിചിത്ര ന്യായങ്ങളും അദ്ദേഹം നിരത്തുന്നു. വിവാദ ലേബർ കോഡുകള്‍ പ്രതിരോധിക്കാനും പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും സംസ്ഥാനാടിസ്ഥാനത്തില്‍ സമാന്തര നിയമങ്ങള്‍ കൊണ്ടുവരാവുന്നതാണെന്ന വിദഗ്ധാഭിപ്രായം നിലനില്‍ക്കുകയാണ്. മഹാരാഷ്ട്ര സർക്കാർ പ്രത്യേക തൊഴില്‍ തർക്ക നിയമം കൊണ്ടുവന്ന കാര്യവും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നതാണ്. പക്ഷേ യുഡിഎഫ് സർക്കാർ അതിനൊന്നും മുതിരാതെ ബിജെപി സർക്കാരിന് പിന്നാലെ പോകുകയാണ്. യുഎസ് ആസ്ഥാനമായുള്ള കോറല്‍ ഹെല്‍ത്ത് എന്ന സ്ഥാപനം എറണാകുളം, കോഴിക്കോട് ശാഖകളില്‍ നിന്ന് നൂറുകണക്കിന് പേരെ പിരിച്ചുവിട്ടതിന് ന്യായീകരണമായി പറഞ്ഞിരുന്നത് ലേബർ കോഡുകള്‍ അവർക്ക് നല്‍കുന്ന സൗകര്യങ്ങളായിരുന്നു. ഈ അനുഭവം മുന്നിലുള്ളപ്പോഴും തൊഴിലാളികളുടേതല്ല, ഉടമകളുടെ താല്പര്യങ്ങളാണ് തങ്ങള്‍ പരിഗണിക്കുകയെന്ന നിലപാടാണ് മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്നത്. എല്ലാ കാര്യങ്ങളിലും ബിജെപി നയങ്ങള്‍ പിന്തുടരുന്ന മുഖ്യമന്ത്രി വി ഡി സതീശൻ തങ്ങളുടെ പോഷക സംഘടനകളെയും ദേശീയ നേതൃത്വത്തെത്തന്നെയും യഥാർത്ഥത്തില്‍ തള്ളിപ്പറയുകയും വഞ്ചിക്കുകയുമാണ് ഈ തീരുമാനത്തിലൂടെ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online