Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലേബര്‍ കോഡ് നമ്മുടെ വാതിലിലും മുട്ടുന്നു

ലേബര്‍ കോഡ് നമ്മുടെ വാതിലിലും മുട്ടുന്നു

Janayugom Online 3 weeks ago

തോന്നിയതുപോലെയുള്ള പിരിച്ചുവിടല്‍ വാർത്തകള്‍ കോർപറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വന്നുതുടങ്ങിയിട്ട് കുറേ നാളുകളായിരിക്കുന്നു.

ഈ നടപടിക്ക് ആക്കം കൂട്ടുന്നതാണ് കേന്ദ്ര സർക്കാർ കോവിഡ് കാലത്ത് വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാൻ ശ്രമിച്ച നാല് തൊഴില്‍ കോഡുകളെന്ന് തൊഴിലാളി സംഘടനകള്‍ ആവർത്തിച്ച്‌ സമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നതാണ്. മാത്രമല്ല സാമൂഹ്യ പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളുമെല്ലാം അതിന്റെ പ്രത്യാഘാതങ്ങള്‍ക്കെതിരായ പോരാട്ടങ്ങളോട് കൂടെച്ചേരുകയും ചെയ്തു. ഒന്നിലധികം ദേശീയ പണിമുടക്കുകളും ലേബർകോഡ് നടപ്പിലാക്കുന്നതിനെതിരെ രാജ്യത്തുണ്ടായി.

എങ്കിലും അവ വിജ്ഞാപനം ചെയ്ത് നടപ്പിലാക്കുന്നതിനാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കോഡുകള്‍ പ്രാബല്യത്തിലായിക്കഴിഞ്ഞു. ലേബർ കോഡുകളിലെ കോർപറേറ്റ് അനുകൂല വ്യവസ്ഥകളില്‍ ഒന്നാണ് ആരെയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാം എന്നത്. നിയതമായ യാതൊരു വ്യവസ്ഥകളും ഇതിനായി പാലിക്കേണ്ടതില്ല. അതിന്റെ പിൻബലത്തില്‍ തന്നെയാണ് യുഎസ് ആസ്ഥാനമായുള്ള മെഡിക്കല്‍ കമ്പനി 'കോറോ ഹെല്‍ത്ത്' സംസ്ഥാനത്തെ ഓഫിസുകളില്‍ നിന്ന് മുന്നറിയിപ്പില്ലാതെ എണ്ണൂറിലധികം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരിക്കുന്നത്.

പതിവുപോലെ രാവിലെ ജോലിക്കെത്തിയപ്പോള്‍ തങ്ങളെ പിരിച്ചുവിട്ടിരിക്കുന്നു എന്നറിയുന്ന ജീവനക്കാരുടെ മാനസികാവസ്ഥ ഊഹിക്കാൻ പോലുമാകാത്തതാണ്. അതാണ് ഈ സ്ഥാപനത്തിലെ ജീവനക്കാർ നേരിടേണ്ടിവന്നത്. രോഗികളുമായി ബന്ധപ്പെട്ട കോഡിങ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനത്തിന്റെ ശാഖ 2021ലാണ് കൊച്ചിയില്‍ പ്രവർത്തനം ആരംഭിക്കുന്നത്. 2024ല്‍ കോഴിക്കോട് കേന്ദ്രീകരിച്ച്‌ രണ്ടാമത്തെ ശാഖയും തുടങ്ങി. രാജ്യത്ത് നിരവധി സംസ്ഥാനങ്ങളില്‍ ശാഖകളും ലക്ഷക്കണക്കിന് ജീവനക്കാരും സ്ഥാപനത്തിനുണ്ട്. വെള്ളിയാഴ്ച സാധാരണ പോലെ ജോലിക്ക് എത്തിയ ജീവനക്കാരോട് കമ്പ്യൂട്ടറുകളിലെ തങ്ങളുടെ ലോഗിൻ അക്കൗണ്ടുകള്‍ നീക്കാനും ജോലിയില്‍ നിന്ന് പുറത്തുപോകാനും ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാനത്തെ രണ്ട് ഓഫിസുകളും നിർത്തലാക്കിയതായി അറിയിക്കുകയും ചെയ്തു.

എച്ച്‌ആർ മാനേജരടക്കമുള്ള ജീവനക്കാരെയാണ് ഒറ്റയടിക്ക് ഒഴിവാക്കിയതായി അറിയിച്ചത്. പുതിയ ജീവനക്കാർക്കൊപ്പം തുടക്കം മുതല്‍ ജോലിചെയ്യുന്നവർ ഉള്‍പ്പെടെയുള്ളവർ ഒരു ആനുകൂല്യങ്ങളും ഇല്ലാതെ പുറത്തുപോകേണ്ടിവരുമെന്ന സാഹചര്യമാണുണ്ടായത്. സ്ത്രീകളടക്കം തൊഴിലാളികളോട് പിരിച്ചുവിടുന്നതിനുള്ള കാരണം പോലും ബോധിപ്പിച്ചില്ലെന്ന് മാത്രമല്ല, പതിവ് പോലെ ജോലിക്കെത്തിയ നൂറുകണക്കിന് ജീവനക്കാരെ ഓഫിസില്‍ പ്രവേശിക്കുന്നതും തടഞ്ഞു. ഇതില്‍ ഗർഭിണികളും രോഗികളുമടക്കം ഉണ്ടായിരുന്നു. ശുചിമുറിയില്‍ പോലും പ്രവേശനം നിഷേധിച്ചു. വിഷയമറിഞ്ഞെത്തിയ സാമൂഹ്യ പ്രവർത്തകരും തൊഴിലാളി നേതാക്കളും ഇടപെട്ടതോടെയാണ് അതിന് അനുവാദം നല്‍കിയത്. സ്ഥലത്തെത്തിയ ജനപ്രതിനിധികളും നേതാക്കളും തുടർചർച്ചകള്‍ക്കായി നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇന്നലെ തൊഴില്‍ വകുപ്പുമായും പത്തിന് സർക്കാർ തലത്തിലും ചർച്ചകള്‍ നടത്താമെന്ന് ധാരണയിലെത്തുകയും ചെയ്തു.

എന്നാല്‍ ധാരണകളും ഇടപെടലുകളും അവഗണിച്ച്‌ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് രണ്ടര മാസത്തെ വേതനം നഷ്ടപരിഹാരമായി നല്‍കുന്ന നിഷേധാത്മക സമീപനമാണ് കമ്പനി അധികൃതർ സ്വീകരിച്ചത്. ഇന്നലെ തൊഴില്‍ വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ ചർച്ച നിശ്ചയിച്ചെങ്കിലും കമ്പനിയുടെ ഉത്തരവാദപ്പെട്ടവർ എത്തിയില്ല. നിയമോപദേഷ്ടാവ് മാത്രമാണ് പങ്കെടുത്തത്. ചർച്ചയുടെ സ്ഥിതിയും തങ്ങളുടെ ഭാവിയും അറിയുന്നതിനുള്ള ആകാംക്ഷയുമായെത്തിയ ജീവനക്കാരോട് ഇന്നലെയും ശത്രുതാപരമായ സമീപനമാണ് കമ്പനി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. അകത്ത് പ്രവേശിക്കാൻ അനുവദിച്ചില്ല. സ്ഥലത്തെത്തിയ വിവിധ സംഘടനാ നേതാക്കള്‍ ഇടപെട്ടാണ് അത് സാധ്യമാക്കിയത്. ഇന്നലത്തെ ചർച്ചയില്‍ ഉന്നതതല ചർച്ച നടക്കുന്ന ജൂലൈ പത്തുവരെ തല്‍സ്ഥിതി തുടരണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കോർപറേറ്റ് കമ്പനിയില്‍ നിന്ന് അനുകൂല സമീപനമുണ്ടാകുമോ എന്ന് സംശയമാണ്.

കമ്പനിയുടെ ഉത്തരവാദപ്പെട്ടവർ ചർച്ചയില്‍ പങ്കെടുക്കുമോയെന്നതും അനിശ്ചിതത്വത്തിലാണ്. എല്ലാത്തിനും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് കേന്ദ്രസർക്കാരിന്റെ ലേബർ കോഡുകളിലെ വ്യവസ്ഥ തന്നെയാണ്. പ്രസ്തുത കോഡ് അനുസരിച്ചാണ് നടപടിയെന്നും നഷ്ടപരിഹാരമെന്നും കമ്പനി പറയുന്നു. കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തെങ്കിലും എല്‍ഡിഎഫ് സർക്കാർ അതിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങള്‍ രൂപീകരിക്കേണ്ടെന്ന് തീരുമാനിച്ചതാണ്. ലേബർ കോഡിന്റെ അപകടം ബോധ്യപ്പെടുത്തുന്നതിന് നടത്തിയ അവസാനത്തെ ദേശീയ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമീപനം സ്വീകരിച്ചവരാണ് ഇപ്പോഴത്തെ സർക്കാരിന് നേതൃത്വം നല്‍കുന്നത്. എങ്കിലും അവർ ലേബർ കോഡുകള്‍ക്ക് എതിരായ നിലപാട് ഉള്ളവരാണ്. അതിനാല്‍ സർക്കാർ തലത്തില്‍ നടക്കുന്ന ചർച്ചകള്‍ക്ക് നിർണായക പ്രാധാന്യമുണ്ട്. നൂറുകണക്കിന് ജീവനക്കാരെയും അവരുടെ കുടുംബ ജീവിതത്തെയും ബാധിക്കുന്നതാണ് ഈ പ്രശ്നം. അതുകൊണ്ട് പ്രശ്നത്തില്‍ കർശന നിലപാട് ഇനിയുണ്ടാകേണ്ടത് സംസ്ഥാന സർക്കാരില്‍ നിന്നാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online