അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന മെഗാ ലോകകപ്പിനുള്ള അന്തിമ സ്ക്വാഡ് പട്ടിക ഫിഫ ഔദ്യോഗികമായി പുറത്തുവിട്ടു.
ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂർണമെന്റില്‍ ആകെ 1248 കളിക്കാരാണ് വിവിധ രാജ്യങ്ങള്‍ക്കായി അണിനിരക്കുന്നത്. ഇതില്‍ 357 കളിക്കാർക്ക് മുമ്പ് ലോകകപ്പില്‍ കളിച്ചുള്ള മികച്ച പരിചയസമ്പത്തുണ്ട്. കൗമാരക്കാരുടെ കരുത്തും വെറ്ററൻ താരങ്ങളുടെ പരിചയസമ്പത്തും ഒത്തുചേരുന്ന ഇത്തവണത്തെ ലോകകപ്പില്‍ 40 വയസിന് മുകളില്‍ പ്രായമുള്ള ഏഴ് താരങ്ങള്‍ ബൂട്ട് കെട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്.
സ്കോട്ട്‌ലൻഡിന്റെ ഗോള്‍കീപ്പർ ക്രെയിഗ് ഗോർഡനാണ് (43 വയസ്) ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരം. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന റെക്കോഡും ഗോർഡൻ സ്വന്തമാക്കി. 2018ലെ റഷ്യൻ ലോകകപ്പില്‍ 45-ാം വയസില്‍ കളിച്ച ഈജിപ്ഷ്യൻ ഗോള്‍കീപ്പർ എസ്സാം എല്‍ ഹദാരിയാണ് ഈ പട്ടികയില്‍ ഒന്നാമൻ.
ഗോള്‍കീപ്പർമാരെ ഒഴിവാക്കിയുള്ള ഔട്ട്ഫീല്‍ഡ് കളിക്കാരുടെ പട്ടികയില്‍ ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരം പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്. കരിയറിലെ തന്റെ ആറാമത്തെ ലോകകപ്പിനിറങ്ങുന്ന റൊണാള്‍ഡോ ഇപ്പോഴും മികച്ച ഫിറ്റ്‌നസോടെയാണ് പോർച്ചുഗല്‍ പടയെ നയിക്കുന്നത്. ക്രോയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ജർമ്മനിയുടെ മാനുവല്‍ നോയർ എന്നിവരും 40-ാം വയസില്‍ ലോകകപ്പ് കളിക്കാനെത്തുന്നുണ്ട്.

