മഹാരാഷ്ട്രയില്‍ എസ്‌ഐആര്‍ ഫോമുകള്‍ സ്വകാര്യ സ്ഥാപനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് അഞ്ച് ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ (ബിഎല്‍ഒ) സസ്പെന്റ് ചെയ്തു.
സംഭവുമായി ബന്ധപ്പെട്ട് ബിജെപി യുവമോര്‍ച്ച നേതാവായ സൂരജ് പാട്ടിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈയിലെ ഖര്‍ഘറിലെ സ്വകാര്യ ഫോട്ടോകോപ്പി സ്ഥാപനത്തിലാണ് 3,400 ഓളം എന്യൂമറേഷന്‍ ഫോമുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പന്‍വേല്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ ഫോമുകളാണ് ഫോട്ടോകോപ്പി സ്ഥാപനത്തിലുണ്ടായിരുന്നത്. യുവമോര്‍ച്ച നേതാവായ സൂരജ് പാട്ടീലിനെ ഫോമുകളുമായി പ്രാദേശിക ശിവസേന (യുബിടി) നേതാവ് പിടികൂടിയ വീഡിയോ ദൃശ്യം പുറത്തുവന്നതിന് ശേഷം നടന്ന അന്വേഷണത്തിലാണ് ഫോട്ടോകോപ്പി സ്ഥാപനത്തില്‍ ഫോമുകള്‍ കണ്ടെത്തിയത്.
എന്യൂമറേഷന്‍ ഫോമുകള്‍ വ്യാജമായി തയ്യാറക്കുന്നതായ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം നടത്തിയത്. സുരജ് പാട്ടിലിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായി റായ്ഗഡ് ജില്ലാ കളക്ടര്‍ അറിയിച്ചു. ജനപ്രാതിനിധ്യ നിയമവും ഭാരതീയ ന്യായ സന്‍ഹിത (ബിഎൻഎസ്) യും പ്രകാരം പാട്ടീലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബിജെപി യുവമോർച്ച നേതാവിന്റെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ പട്ടിക ക്രമക്കേട് ഗുരുതരമാണെന്ന് ശിവസേന യുബിടി നേതാവ് ബലേഷ് ഭോജന്‍ ആരോപിച്ചു.
വോട്ടർമാർ പൂരിപ്പിച്ച ഫോമുകള്‍ സ്വകാര്യ വ്യക്തികളില്‍ എങ്ങനെ എത്തിയെന്ന് അദ്ദേഹം ചോദിച്ചു. ചോദ്യം ചെയ്യലിനായി കൊണ്ടുവന്നപ്രതി ഖാർഘർ പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തുപോയതായും അദ്ദേഹം പറഞ്ഞു. അഞ്ച് ബിഎല്‍ഒമാരെ സസ്‌പെൻഡ് ചെയ്തതുകൊണ്ട് വിവാദം അവസാനിക്കില്ലെന്ന് എന്‍സിപി എംഎല്‍എ രോഹിത് പവാര്‍ പറഞ്ഞു. വിവാദമായ എസ്‌ഐആർ പ്രക്രിയയിലെ തട്ടിപ്പ് തുറന്നുകാട്ടപ്പെട്ടു. ബിജെപിയുടെ നേതൃത്വത്തിലാണ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിരിക്കുന്നത്. ബിജെപി നേതാവിന്റെ പ്രവര്‍ത്തി ജനാധിപത്യ അവകാശങ്ങളെ ധിക്കരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി പറയുന്നു.

