Dailyhunt
മലബാര്‍ മേഖലയിലെ നി കെ ഭൂമി പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ

മലബാര്‍ മേഖലയിലെ നി കെ ഭൂമി പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ

Janayugom Online 8 months ago

ലബാർ മേഖലയിലെ നി കെ (നികുതി കെട്ടാത്തത്) ഭൂമി പ്രശ്നം പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കി വരുന്നതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.

ഏകദേശം 20,000 ത്തോളം ഭൂമിയുടെ അവകാശികള്‍ക്ക് നികുതി അടയ്ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ സാധ്യമാകുകയെന്നും മലപ്പുറം ജില്ലാ റവന്യു അസംബ്ലിയില്‍ മന്ത്രി പറഞ്ഞു. ജില്ലയിലെ കടല്‍ പുറമ്ബോക്ക് പട്ടയ പ്രശ്നം പരിഹരിക്കാനായി സർവേ വിഭാഗത്തിന്റെ ഇടപെടലുണ്ടാവണമെന്ന് റവന്യു മന്ത്രി നിർദേശം നല്‍കി.

ഇന്ത്യൻ സ്വതന്ത്ര്യ സമരചരിത്രമായി ബന്ധമുള്ള മഞ്ചേരിയിലെ സത്രം ഭൂമി പട്ടയ പ്രശ്നം പരിഹരിച്ച്‌ 180 കുടുംബങ്ങള്‍ക്ക് ഭൂമി സ്വന്തമാക്കിയതുള്‍പ്പടെ പുതിയ ചരിത്രം രചിച്ച ജില്ലയാണ് മലപ്പുറം. 2021 മുതല്‍ ഇതുവരെ 38,882 പട്ടയങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്തു. 2024-25ല്‍ മാത്രം 8,706 പട്ടയങ്ങള്‍ നല്‍കിയതായും ഡിജിറ്റല്‍ സർവേയുടെ കാര്യത്തില്‍ കാലതാമസം വരുത്താതെ നടപടികള്‍ പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഒന്നാംഘട്ടത്തില്‍ 22,663 ഹെക്ടർ ഭൂമിയിലെ ഫീല്‍ഡ് സർവേ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ 31,433 ഹെക്ടറിലും, മൂന്നാം ഘട്ടത്തില്‍ 4502 ഹെക്ടറിലും ഡിജിറ്റല്‍ സർവെ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.
എംഎല്‍എ ഡാഷ് ബോർഡ് വഴി 2021 ല്‍ ലഭിച്ച 116 പരാതികളും 2022 ല്‍ ലഭിച്ച 143 പരാതികളും 2023 ല്‍ ലഭിച്ച 132 പരാതികളും 2024 ലഭിച്ച 125 പരാതികളും പൂർണമായും തീർപ്പാക്കിയിട്ടുണ്ട്.

ജില്ലയില്‍ 29 സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണം പൂർത്തിയായി. ജില്ലാ കളക്ടർ വി ആർ വിനോദ് ജില്ലയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. എംഎല്‍എമാരായ കെപിഎ മജീദ്, പി നന്ദകുമാർ, മഞ്ഞളാംകുഴി അലി, പി ഉബൈദുള്ള, കുറുക്കൊളി മൊയ്തീൻ, യു എ ലത്തീഫ്, നജീബ് കാന്തപുരം, ആര്യാടൻ ഷൗക്കത്ത് എന്നിവർ മണ്ഡലങ്ങളിലെയും ജില്ലയിലെ പൊതു പ്രശ്നങ്ങളും ഉന്നയിച്ചു. തിരൂർ ആസ്ഥാനമായി പുതിയൊരു ജില്ലയും, മലപ്പുറം ആസ്ഥാനമാക്കി പുതിയൊരു താലൂക്കും വേണമെന്ന ആവശ്യമുയർന്നു.

വിദേശത്ത് ജനിക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷന് നടപടി ഉണ്ടാവണമെന്നും എംഎല്‍എമാർ ആവശ്യപ്പെട്ടു. റവന്യു-ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, റവന്യു വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എ ഗീത, സർവെ ഡയറക്ടർ സീറാം സാംബശിവറാവു, ഐഎല്‍ഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ അനു എസ് നായർ തുടങ്ങിയവരും പങ്കെടുത്തു. ലാന്റ് റവന്യു ജോയിന്റ് കമ്മിഷണർ കെ മീര സ്വാഗതം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online