എറണാകുളം മലയിടം തുരുത്തില്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കണമെന്ന് വീണ്ടും നിർദേശം.
പെരുമ്പാവൂർ മുൻസിഫ് കോടതിയുടേതാണ് തീരുമാനം. എന്നാല്‍ മലയിടംതുരുത്ത് വിട്ട് എങ്ങോട്ടും പോകില്ലെന്ന നിലപാടിലാണ് സ്ഥലവാസികള്‍.
താമസക്കാർ ഒഴിഞ്ഞുനല്‍കണമെന്ന നിർദേശമാണ് ഹൈക്കോടതി നല്‍കിയത്. കുടിയൊഴിപ്പിക്കലിന് സംസ്ഥാന സർക്കാർ സാവകാശം തേടിയിരുന്നു. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ താമസക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്നും കോടതി പറഞ്ഞിരുന്നു.
മാർച്ച് 19ന് ഹർജി പരിഗണിച്ച ഹൈക്കോടതി, ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചു. എന്നാല്‍, ഒഴിപ്പിക്കല്‍ നടപടി സംഘർഷത്തിലാണ് കലാശിച്ചത്. 2022ലാണ് 19 ഏക്കറിലെ രണ്ടേക്കർ 60 സെന്റ് ഭൂമി കിഴക്കമ്പലം സ്വദേശിയുടേതാണെന്ന് കോടതി ഉത്തരവ് വരുന്നത്. തുടർന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിക്കുകയും ചെയ്തു.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വർഷങ്ങളായി ഇവിടെ താമസിക്കുന്നവരുടെ മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലാക്കുകയാണ്. എട്ട് കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ രേഖകളടക്കം പരിശോധിച്ച പെരുമ്പാവൂർ മുൻസിഫ് കോടതി മുതല്‍ സുപ്രീം കോടതി വരെ കുടിയൊഴിപ്പിക്കല്‍ ശരിവച്ചിരുന്നു.

