Dailyhunt
മമതയുടെ പതനത്തിന് പിന്നില്‍ വോട്ടര്‍ പട്ടികയിലെ വെട്ടിനിരത്തലോ? ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

മമതയുടെ പതനത്തിന് പിന്നില്‍ വോട്ടര്‍ പട്ടികയിലെ വെട്ടിനിരത്തലോ? ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

Janayugom Online 1 week ago

ശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി നേടിയ ചരിത്ര വിജയത്തിന് പിന്നില്‍ വോട്ടർ പട്ടികയില്‍ നിന്ന് വൻതോതില്‍ പേരുകള്‍ ഒഴിവാക്കിയ നടപടിയും സ്വാധീനം ചെലുത്തിയതായി റിപ്പോർട്ട്.

'സ്ക്രോള്‍' നടത്തിയ ഡാറ്റാ വിശകലനത്തിലാണ് നിർണ്ണായകമായ ഈ വിവരങ്ങള്‍ പുറത്തുവന്നത്. ബിജെപി വിജയിച്ച 105 മണ്ഡലങ്ങളില്‍, വോട്ടർ പട്ടിക പുതുക്കുന്നതിനിടെ ഒഴിവാക്കിയ വോട്ടർമാരുടെ എണ്ണം ബിജെപി സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണെന്നാണ് കണ്ടെത്തല്‍.

ബംഗാളിലെ ആകെയുള്ള 294 സീറ്റുകളില്‍ 207 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരമുറപ്പിച്ചത്. ഇതില്‍ പകുതിയോളം സീറ്റുകളിലും (105 എണ്ണം) വോട്ടർമാരെ ഒഴിവാക്കിയ നടപടി ഫലത്തെ സ്വാധീനിച്ചിട്ടുണ്ടാകാം എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ 105 സീറ്റുകളില്‍ 86 ഇടത്തും ബിജെപി ഇതിനുമുമ്പ് ഒരിക്കലും വിജയിച്ചിട്ടില്ലാത്തവയാണ്. സംസ്ഥാനത്തുടനീളം ഏകദേശം 91 ലക്ഷം പേരെയാണ് ഇത്തരത്തില്‍ വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ഇത് ആകെ വോട്ടർമാരുടെ 12 ശതമാനത്തോളം വരും.

മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ട ഭവാനിപൂർ മണ്ഡലത്തില്‍ ബിജെപിയുടെ സുവേന്ദു അധികാരിയുടെ ഭൂരിപക്ഷം 15,105 വോട്ടുകളാണ്. എന്നാല്‍ ഇവിടെ വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് 51,000ത്തിലധികം വോട്ടർമാരെയാണ്. സമാനമായ രീതിയില്‍ ടോളിഗഞ്ച് മണ്ഡലത്തില്‍ മന്ത്രി അരൂപ് ബിശ്വാസ് 6,013 വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ അവിടെ ഒഴിവാക്കപ്പെട്ടത് 37,889 വോട്ടർമാരെയാണ്. ശശി പഞ്ജ, സിദ്ദിഖുല്ല ചൗധരി തുടങ്ങി പത്തോളം മന്ത്രിമാരും സമാനമായ സാഹചര്യത്തില്‍ പരാജയം രുചിച്ചു.

ദശാബ്ദങ്ങളോളം ഇടതുപക്ഷത്തിന്റെയും പിന്നീട് ടിഎംസിയുടെയും കേന്ദ്രമായിരുന്ന ജാദവ്പൂർ മണ്ഡലത്തില്‍ ആദ്യമായാണ് ബിജെപി വിജയിക്കുന്നത്. ഇവിടെ 27,716 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി ജയിച്ചതെങ്കിലും 56,000ത്തിലധികം വോട്ടർമാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബംഗാളിലെ ഭരണവിരുദ്ധ വികാരം ബിജെപിയെ സഹായിച്ചിട്ടുണ്ടെങ്കിലും, തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയ ടിഎംസിയുടെ പതനത്തിന് ആക്കം കൂട്ടിയെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online