പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നിരവധി എഎപി, ശിവസേന (യുബിടി), ടിഎംസി എംപിമാരെ ബിജെപി അടര്‍ത്തിയെടുത്തതോടെ കൂറുമാറ്റ നിരോധന നിയമം വീണ്ടും ചര്‍ച്ചയാവുകയാണ്.
കൂറുമാറ്റം മൂലമുള്ള അയോഗ്യത ഒഴിവാക്കാൻ ജനപ്രതിനിധികളെ അനുവദിക്കുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പുനർവ്യാഖ്യാനിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജിയും എത്തിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപില്‍ സിബലാണ് പരമോന്നത നീതിപീഠത്തെ സമീപിച്ചത്. തന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും വാദം കേള്‍ക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ജോയ‌്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങുന്ന ബെഞ്ച് 27ന് പരിഗണിക്കാൻ സമ്മതിക്കുകയും ചെയ്തു.
"ഞാൻ നേരിട്ട് ഒരു ഹർജി ഫയല്‍ ചെയ്തിട്ടുണ്ട്. അത് 10-ാം ഷെഡ്യൂള്‍ ഖണ്ഡിക നാലിന്റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ടിരിക്കുന്നു," കപില്‍ സിബല്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു. മറ്റാരു പാര്‍ട്ടിയില്‍ ലയിച്ചുകൊണ്ട് പിളരുന്ന ഗ്രൂപ്പുകള്‍ക്ക് കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപ്പെടാൻ അനുവദിക്കുന്ന 10-ാം ഷെഡ്യൂളിന്റെ പുനർവ്യാഖ്യാനം വേണമെന്ന് സിബല്‍ ആവശ്യപ്പെട്ടു. 1985ല്‍ 52-ാം ഭേദഗതിയിലൂടെ ഭരണഘടനയില്‍ ചേർത്ത ഈ ഷെഡ്യൂളിന്റെ സാധുത, 1991ല്‍ കിഹോട്ടോ ഹോളോഹാന്‍ - സച്ചില്‍ഹു ആന്റ് അദേഴ്സ് കേസില്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. കൂറുമാറ്റ നിരോധന നിയമം ഒരു സഭാംഗത്തെ അയോഗ്യനാക്കാൻ കഴിയുന്ന രണ്ട് സാഹചര്യങ്ങളെ വിഭാവനം ചെയ്യുന്നു. ഒരാള്‍ സ്വമേധയാ ഒരു പാർട്ടിയുടെ അംഗത്വം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ പാർട്ടി നിർദേശത്തിന് വിരുദ്ധമായി വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുമ്പോള്‍.
നിയമത്തിന്റെ തുടക്കത്തില്‍, നിയമസഭാ പാർട്ടിയില്‍ മൂന്നിലൊന്ന് അംഗങ്ങള്‍ പുതിയ ഗ്രൂപ്പ് രൂപീകരിക്കുകയോ മറ്റൊരു പാർട്ടിയില്‍ ചേരുകയോ ചെയ്താല്‍ പിളർപ്പ് അംഗീകരിച്ചിരുന്നു. എന്നാല്‍, 2004ല്‍ പ്രാബല്യത്തില്‍ വന്ന 91-ാം ഭേദഗതിക്ക് ശേഷം, ഒരു പാർട്ടിയിലെ കുറഞ്ഞത് മൂന്നില്‍ രണ്ട് അംഗങ്ങളെങ്കിലും മറ്റൊന്നില്‍ ചേരുകയോ പുതിയത് രൂപീകരിക്കുകയോ ചെയ്താലേ 'ലയനം' നിയമം അംഗീകരിക്കുകയുള്ളൂ. മഹാരാഷ്ട്ര ഗവർണറുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയും സുഭാഷ് ദേശായിയും തമ്മിലുള്ള കേസില്‍ (ശിവസേന പിളർപ്പ് കേസ് - 2023), സുപ്രീം കോടതി ഒരു നിയമസഭാ കക്ഷിയെയും രാഷ്ട്രീയ പാർട്ടിയെയും തമ്മില്‍ വേർതിരിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്, സഭയില്‍ വിപ്പിനെയും പാർട്ടി നേതാവിനെയും നിയമിക്കാനുള്ള അധികാരം രാഷ്ട്രീയ പാർട്ടിക്ക് മാത്രമാണെന്നും നിയമസഭാ കക്ഷിക്കല്ലെന്നും വിധിച്ചു.
ഒരു രാഷ്ട്രീയ പാർട്ടിയിലെ വിമത വിഭാഗത്തിന് ഏകപക്ഷീയമായി പാർട്ടിയുടെ വിപ്പിനെ മാറ്റിസ്ഥാപിക്കാൻ കഴിയില്ലെന്നും മാതൃ രാഷ്ട്രീയ പാർട്ടി അംഗീകരിച്ച വിപ്പിനെയും നേതാവിനെയും മാത്രമേ സ്പീക്കർ അംഗീകരിക്കാവൂ എന്നും വിധിയില്‍ പറഞ്ഞു. ശിവസേന പിളർപ്പ് കേസില്‍ സുപ്രീം കോടതി വ്യാഖ്യാനിച്ച കൂറുമാറ്റ നിരോധന നിയമം, യഥാർത്ഥ രാഷ്ട്രീയ പാർട്ടിയുടെ ഔപചാരികമായ ലയനം ആവശ്യപ്പെടുന്നു. കൂടാതെ അയോഗ്യത ഒഴിവാക്കാൻ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ കുറഞ്ഞത് മൂന്നില്‍ രണ്ട് പേരെങ്കിലും ലയനത്തിന് സമ്മതിക്കണമെന്നും വ്യക്തമാക്കുന്നു.

