ബംഗളൂരുവില്‍ 11 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കുഞ്ഞ് കട്ടിലില്‍ നിന്ന് വീണു മരിച്ചതാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച മാതാപിതാക്കളെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ പിതാവ് ശേഖപ്പ, മാതാവ് വിജയലക്ഷ്മി എന്നിവരാണ് പിടിയിലായത്.
കിടക്കയില്‍ കിടന്ന് മുലയൂട്ടുന്നതിനിടെ ഭാര്യ ഉറങ്ങിപ്പോയെന്നും ഈ സമയം കുഞ്ഞ് കട്ടിലില്‍ നിന്ന് താഴെ വീണാണ് മരിച്ചതെന്നുമാണ് ശേഖപ്പ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് മാതാപിതാക്കളുടെ കള്ളക്കഥ പൊളിച്ചതും ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചതും. കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും കാലുകളിലും രഹസ്യഭാഗങ്ങളിലുമടക്കം ശരീരത്തിന്റെ പലഭാഗങ്ങളിലും മാരകമായ പരിക്കുകളുണ്ടായിരുന്നു. രണ്ട് അടി മാത്രം ഉയരമുള്ള കട്ടിലില്‍ നിന്ന് വീണാല്‍ ഇത്രയും ഗുരുതരമായ ആന്തരിക രക്തസ്രാവവും ശ്വാസതടസ്സവും ഉണ്ടാകില്ലെന്ന് പൊലീസ് കണ്ടെത്തി.
ജൂണ്‍ 9ന് ഉച്ചയ്ക്ക് ഈസ്റ്റ് ബംഗളൂരുവിലെ കിടഗനൂർ ഗ്രാമത്തിലുള്ള ഇവരുടെ വീട്ടില്‍ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. ഉച്ചഭക്ഷണത്തിന് വീട്ടിലെത്തിയ ശേഖപ്പയും ഭാര്യ വിജയലക്ഷ്മിയും തമ്മില്‍ വഴക്കുണ്ടാവുകയും, ഇതിനിടെ കുഞ്ഞ് ഉറക്കെ കരഞ്ഞപ്പോള്‍ അമ്മ കുട്ടിയെ ചവിട്ടുകയുമായിരുന്നു. ഇതില്‍ പ്രകോപിതനായ പിതാവ് ശേഖപ്പ കുഞ്ഞിനെ എടുത്ത് നിലത്തേക്ക് ദയനീയമായി എറിയുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. വിജയലക്ഷ്മിക്ക് അയല്‍വാസിയുമായി ബന്ധം ഉണ്ടായിരുന്നതായും ഇവർ കുഞ്ഞിനോട് സ്നേഹം കാണിച്ചിരുന്നില്ലെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ കൊലക്കുറ്റ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ശക്തമാക്കി.

