കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ നാല് ജവാന്മാർക്ക് ദാരുണാന്ത്യം. ചത്തീസ്ഗഢിലെ കാങ്കറിലാണ് സംഭവം.
ഡിസ്ട്രിക്‌ട് റിസർവ് ഗാർഡ് (ഡിആർജി) ഉദ്യോഗസ്ഥരായ ഇൻസ്പെക്ടർ സുഖ്റാം വാട്ടി, കോണ്‍സ്റ്റബിള്‍ കൃഷ്ണ കോംറ, കോണ്‍സ്റ്റബിള്‍ സഞ്ജയ് ഗഡ്‌പാലെ, കോണ്‍സ്റ്റബിള്‍ പരമാനന്ദ് കോംറ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഐഇഡി നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
മൂന്ന് പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കോണ്‍സ്റ്റബിള്‍ പരമാനന്ദ് കോംറ ചികിത്സയ്ക്കിടെയാണ് മരിച്ചത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു സംഘം. അതിനിടെ ഐഇഡി നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ നിരവധി മാവോയിസ്റ്റുകളാണ് പ്രദേശത്തുനിന്ന് കീഴടങ്ങിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

