യുകെയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ ഇന്ത്യന്‍ വംശജന് 10 വര്‍ഷം ശിക്ഷ. ലണ്ടനിലേക്ക് ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന ക്ലാസ് എ നിരോധിത മരുന്നുകളുടെ ഇറക്കുമതിയിലും വിതരണത്തിലും പങ്കാളിയായ ബര്‍മിങ്ഹാം സ്വദേശി ജഗ്ജിത് സിങ്ങിനാണ് കോടതി 10 വര്‍ഷവും എട്ട് മാസവും ശിക്ഷ വിധിച്ചത്.
അന്വേഷണത്തിനിടെ, 300 കിലോഗ്രാമിലധികം കൊക്കെയ്‌നും 60 കിലോഗ്രാമിലധികം ഹെറോയിനും പിടിച്ചെടുത്തു.
ജഗ്ജിത് സിങ് ഉള്‍പ്പെട്ട സംഘത്തിന് 14 മുതല്‍ 26 വര്‍ഷം വരെ തടവ് ശിക്ഷയാണ് തെക്കുപടിഞ്ഞാറൻ ലണ്ടനിലെ കിങ്സ്റ്റണ്‍ ക്രൗണ്‍ കോടതി വിധിച്ചത്. മയക്കുമരുന്ന് കടത്തുന്നതിന് നിയമാനുസൃതമായ ചരക്കുനീക്ക മാർഗങ്ങളും ഉപേക്ഷിക്കപ്പെട്ട വെയര്‍ഹൗസുകളും ഉള്‍പ്പെടുന്ന സങ്കീര്‍ണമായ രീതിയാണ് സംഘം ഉപയോഗിച്ചത്. യുകെ തുറമുഖങ്ങളില്‍ എത്തുന്ന ലോറികള്‍ നിയമാനുസൃത ഡെലിവറി റൂട്ടുകളില്‍ നിന്ന് രഹസ്യ സംഭരണ കേന്ദ്രങ്ങളിലേക്ക് വഴിതിരിച്ചുവിടും. തുടര്‍ന്നാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത്. സംഘടിത കുറ്റകൃത്യ സംഘവുമായി ബന്ധമുള്ള മറ്റ് നിരവധി പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

