മലബാർ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് (മലബാർ മില്‍മ) കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച മുന്നേറ്റം. വിറ്റുവരവില്‍ 152.11 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
മുൻ വർഷത്തെ 1622.17 കോടി രൂപയില്‍ നിന്ന് 1774.28 കോടി രൂപയായാണ് വിറ്റുവരവ് ഉയർന്നത്. പാലും പാല്‍ ഉത്പന്നങ്ങളും വിപണിയില്‍ മികച്ച സ്വീകാര്യത നേടിയതാണ് ഈ നേട്ടത്തിന് പിന്നില്‍. പാല്‍ വില്‍പനയില്‍ 5.1 ശതമാനം വർധനവുണ്ടായപ്പോള്‍ മൂല്യവർധിത ഉത്പന്നങ്ങള്‍ വിപണി കീഴടക്കി. മുൻ വർഷത്തെ അപേക്ഷിച്ച് ഉത്പന്ന വിപണിയില്‍ 18.7 ശതമാനം വർധനവോടെ 516 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. നെയ്യ് (21.8%),ഐസ്‌ക്രീം (19.6%),തൈര് (3.6%) എന്നീ പ്രധാന ഉത്പന്നങ്ങള്‍ക്കും വർധനവ് ഉണ്ടായി.
യൂണിയന്റെ 57 വ്യത്യസ്ത ഉത്പന്നങ്ങള്‍ നിലവില്‍ വിപണിയിലുണ്ട്. നെയ്യ്, പാലട, പനീർ, ഡെയറി വൈറ്റ്‌നർ എന്നിവയ്ക്ക് വിദേശ വിപണിയിലും ആവശ്യക്കാർ ഏറി. 11% വില്‍പന വർധനവാണ് വിദേശ വിപണിയില്‍ മാത്രം ഉണ്ടായത്. പാല്‍ സംഭരണത്തിലും വലിയ മുന്നേറ്റം ദൃശ്യമായി. മുൻ വർഷം പ്രതിദിനം ശരാശരി 6,13,437 ലിറ്റർ പാല്‍ സംഭരിച്ചിടത്ത് 2025-26 സാമ്പത്തിക വർഷം ഇത് 6,85,075 ലിറ്ററായി ഉയർന്നു (11.7% വർധന). ക്ഷീരകർഷകർക്കും സംഘങ്ങള്‍ക്കുമായി ആകെ 1240 കോടി രൂപയാണ് മലബാർ മില്‍മ നല്‍കിയത്. ഇതില്‍ 1165 കോടി രൂപ പാല്‍വിലയായും 75 കോടിയോളം രൂപ അധിക പാല്‍വിലയും മറ്റ് ആനുകൂല്യങ്ങളുമാണ്. കൂടാതെ, കർഷകർക്ക് വർഷം മുഴുവൻ കാലിത്തീറ്റ സബ്‌സിഡിയും യൂണിയൻ അനുവദിച്ചിരുന്നു.

