Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോഡി ഭരണം ഇരുട്ടിലാക്കിയ ഇന്ത്യ

മോഡി ഭരണം ഇരുട്ടിലാക്കിയ ഇന്ത്യ

Janayugom Online 2 weeks ago

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘ്പരിവാറും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നില്ലെങ്കില്‍, ഇന്ത്യ ഇന്ന് കൂടുതല്‍ സമ്പന്നവും ജനാധിപത്യപരവും ആയിരിക്കുമെന്ന് പുതിയ പഠനം.

ഇത് ഒരു സാധാരണ വിമര്‍ശനമോ സർക്കാരിനെ വിമർശിക്കുന്നവർക്ക് മാത്രം യാഥാർത്ഥ്യമായി തോന്നുന്നതോ അല്ലെന്ന് കൃത്യമായ ഡാറ്റകള്‍ ഉപയോഗിച്ച്‌ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിലെ കെവിൻ ഗ്രിയറും റോബിൻ ഗ്രിയറുമാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മോഡി ഭരിച്ച ഒരു ദശാബ്ദത്തില്‍, ഇന്ത്യയുടെ പ്രകടനം 10 നിർണായക ഭരണ സൂചകങ്ങളിലും പ്രതിശീർഷ ജിഡിപിയുടെ കാര്യത്തിലും പിന്നിലേക്കായെന്ന് 'വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍: മോഡിക്കും ബിജെപിക്കും കീഴിലുള്ള ഇന്ത്യയുടെ ഭരണവും വളർച്ചയും' എന്ന റിപ്പോര്‍ട്ട് അടിവരയിടുന്നു. 2014 വരെയുണ്ടായിരുന്ന സമീപനത്തില്‍ത്തന്നെ തുടർന്നിരുന്നെങ്കില്‍ രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം 2023ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ 1,000 ഡോളർ കൂടുതലാകുമായിരുന്നുവെന്നാണ് കണ്ടെത്തല്‍. രാഷ്ട്രീയ അഴിമതിയും വളരെ കുറയുമായിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മറ്റ് ഏഴ് നിർണായക സൂചകങ്ങളുടെയും റാങ്കിങ്ങിലും രാജ്യം വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമായിരുന്നു. രാഷ്ട്രീയ അഴിമതി, ജനാധിപത്യം (ബഹുസ്വരത), ലിബറല്‍ ജനാധിപത്യം, ആവിഷ്കാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, നിയമത്തിന് മുന്നിലെ തുല്യത, വിവേചനരഹിത സംരക്ഷണം, എക്സിക്യൂട്ടീവിലെ ജുഡീഷ്യല്‍ നിയന്ത്രണങ്ങള്‍, നിയമനിർമ്മാണ നിയന്ത്രണങ്ങള്‍ എന്നിവയാണ് ഗവേഷകര്‍ പരിശോധിച്ചത്. 1984-2013 (മുമ്പുള്ള കാലയളവ്) മുതല്‍ 2014-2023 (മോഡി വർഷങ്ങള്‍) വരെയുള്ള 30 വർഷത്തിനിടയിലെ ഇന്ത്യയെയാണ് പഠനവിധേയമാക്കിയത്.

'മോഡിയുടെ കീഴിലുള്ള ഇന്ത്യയില്‍ ജനാധിപത്യം, ഭരണം, സ്ഥാപനങ്ങള്‍ എന്നിവയിലെ ഫലങ്ങള്‍ വളരെ മോശമായി. 10 ഘടകങ്ങളിലും ഗുരുതരമായ രീതിയില്‍ മോശം പ്രവണത പ്രകടമായിട്ടുണ്ട്. പകുതി എണ്ണത്തിലും മുന്‍കാലത്തെ അപേക്ഷിച്ച്‌ 45 ശതമാനത്തിലധികം വഷളായി' - റിപ്പോർട്ട് പറയുന്നു. ലിബറല്‍ ജനാധിപത്യം, മതസ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, നിയമത്തിന് മുന്നിലെ സമത്വം എന്നിവ ഏതാണ്ട് ഇല്ലാതായി. മതസ്വാതന്ത്ര്യമാണ് ഏറ്റവും കുത്തനെ ഇടിഞ്ഞത്. യുപിഎ സർക്കാർ മൂന്നാം തവണ അധികാരത്തില്‍ തിരിച്ചെത്താത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത് രാഷ്ട്രീയ അഴിമതിയാണ്. അത് മോഡി ഭരണകാലത്ത് ഗണ്യമായി വളർന്നു. 2014 - 23 കാലയളവില്‍ 46.8% ആണ് രാഷ്ട്രീയ അഴിമതി വളര്‍ന്നത്. സാമ്പത്തിക പ്രകടനമാണ് റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്ന മറ്റൊരു പ്രധാന ഘടകം. മോഡിയുടെ ഭരണകാല വിജയഗാഥ എടുത്തുകാണിക്കാൻ സർക്കാർ ആവർത്തിച്ച്‌ ഊന്നിപ്പറയുന്ന ഒരു ഘടകമാണ് ജിഡിപി വളര്‍ച്ച.

2015 മുതല്‍ ഇന്ത്യ അതിന്റെ ജിഡിപി 'വ്യവസ്ഥാപിതമായി തെറ്റായി കണക്കാക്കുന്നു' എന്ന ആശങ്ക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ ഡാറ്റ ഉപയോഗിച്ചിട്ടും നിഗമനം നെഗറ്റീവ് ആയി തുടര്‍ന്നുവെന്നും യഥാര്‍ത്ഥ ഡാറ്റ പരിശോധിച്ചാല്‍ പ്രകടനം ഇതിലും മോശമായിരിക്കുമെന്നുമാണ് കണ്ടെത്തല്‍. രാജ്യത്തെ പ്രതിപക്ഷവും സാമ്പത്തിക വിദഗ്ധരും കേന്ദ്രത്തിന്റെ 'ജിഡിപി ഗിമ്മിക്കി'നെ കുറിച്ച്‌ നാളിതുവരെ ചൂണ്ടിക്കാണിച്ചിരുന്ന കാര്യം തന്നെയാണ് പുതിയ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നത്. ഇന്ത്യയില്‍ പട്ടികവർഗക്കാർ, പട്ടികജാതിക്കാർ, ദളിതർ, റോഹിങ്ക്യൻ അഭയാർത്ഥികള്‍ എന്നിവർക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കൊണ്ടുള്ള ഐക്യരാഷ്ട്രസഭാ സമിതിയുടെ (യുഎൻസിഇആർഡി) റിപ്പോര്‍ട്ട് പുറത്തുവന്നതും കഴിഞ്ഞ ദിവസമാണ്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ഈ വിഭാഗങ്ങള്‍ നിരന്തരം വംശീയ ആക്രമണങ്ങള്‍, അമിതമായ ബലപ്രയോഗം, വ്യാജ ഏറ്റുമുട്ടല്‍ക്കൊല, നിയമവിരുദ്ധമായി ദീർഘകാലം തടവില്‍ പാർപ്പിക്കല്‍, ക്രൂരമായ മർദനം, ലൈംഗിക അതിക്രമങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്നതായി വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള സമിതി ചൂണ്ടിക്കാട്ടി. വിവിധ മനുഷ്യാവകാശ പ്രവർത്തകർ നിരന്തരം ഉന്നയിക്കുന്ന ഗൗരവമേറിയ വിഷയങ്ങള്‍ തന്നെയാണ് യുഎൻ സമിതിയും ചൂണ്ടിക്കാട്ടിയത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനവും വിദ്വേഷ പ്രസംഗങ്ങളും തടയാൻ കർശന നടപടികള്‍ സ്വീകരിക്കണമെന്ന് സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും ജീവിക്കാനുള്ള അവകാശവും എല്ലാവർക്കും ഉറപ്പാക്കണമെന്നാണ് സമിതിയുടെ നിർദേശം. മോഡിയുടെ കീഴിലുള്ള ഇന്ത്യ എത്രമാത്രം ജനാധിപത്യവിരുദ്ധമായി എന്നതിലെ ആഗോള ആശങ്കയാണ് മേല്പറഞ്ഞ രണ്ട് റിപ്പോര്‍ട്ടുകളും വെളിപ്പെടുത്തുന്നത്. വിദ്യാര്‍ത്ഥി സമരത്തെപ്പോലും ശത്രുസെെന്യത്തെയെന്ന പോലെ നിഷ്ഠുരമായി ആക്രമിക്കുന്ന ഭരണകൂടത്തെ നാം ഒരു മാസം മുമ്പ് ഡല്‍ഹിയില്‍ കണ്ടു. സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടത്തുന്ന 'ബദ്‌ലാവ് സരൂരി ഹെ' മാര്‍ച്ചില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്കായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കൂര്‍ പണം നല്‍കി ബുക്ക് ചെയ്ത ട്രെയിനുകള്‍ ഭരണകൂട ഇടപെടലിലൂടെ കാരണം പറയാതെ റദ്ദാക്കുന്നതും രാജ്യം കണ്ടു. ഫാസിസത്തിന്റെ ഇരുട്ടില്‍ നിന്നുള്ള മോചനത്തിന് ഒരുമിച്ചുള്ള പോരാട്ടം തന്നെയാണ് മാര്‍ഗം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online