മോഡി സര്‍ക്കാരിന് പ്രതിഷേധങ്ങളെ ഭയമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. മാറ്റം അനിവാര്യം (ബദലാവ് ജരൂരി ഹെ) എന്ന മുദ്രാവാക്യം ഉയര്‍ത്തി രാംലീല മെെതാനിയില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ മുന്നൊരുക്കങ്ങള്‍ വിവരിക്കാന്‍ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന പ്രതിഷേധത്തിന്‍ വന്‍ജനപങ്കാളിത്തം ഉറപ്പുവരുത്തും. ബിഹാറില്‍ ഉള്‍പ്പെടെ പ്രകൃതിദുരന്തങ്ങള്‍ പ്രതിരോധം തീര്‍ക്കുമ്പോഴും അതെല്ലാം തരണം ചെയ്ത് സമരവേദിയിലേക്ക് എത്താന്‍ പ്രവര്‍ത്തകര്‍ യാത്ര ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ പ്രതിഷേധം തടയാന്‍ കേന്ദ്രം രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുകയാണ്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തെ പ്രത്യേക തീവണ്ടികള്‍ ബുക്കു ചെയ്യുകയും പണമൊടുക്കുകയും ചെയ്തു. എന്നാല്‍ യാതൊരു അറിയിപ്പും നല്‍കാതെ ഈ ബുക്കിങ് റെയില്‍വേ റദ്ദാക്കി.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ നേരില്‍ക്കണ്ട് ട്രെയിന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. മോഡി സര്‍ക്കാര്‍ സിപിഐയുടെ പ്രതിഷേധത്തെ വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. മറ്റ് ഇടതുപക്ഷ - ജനാധിപത്യ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് മുന്നോടിയായി പാര്‍ട്ടി നടത്തിയ പദയാത്രകളും പ്രചാരണ പരിപാടികളും വന്‍ വിജയമായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചത്.
പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ എന്ന മോഡിയുടെ വാഗ്ദാനം ജലരേഖയായി.
വിദേശത്തേക്കു കടത്തിയ കള്ളപ്പണം തിരികെ എത്തിച്ച് രാജ്യത്തെ പൗരന്മാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നതും പാഴ്‌വാക്കായി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. തൊഴിലില്ല, വിലക്കയറ്റം പിടിവിട്ട് മുന്നേറുന്നു. തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കി തൊഴിലാളി പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കം. ദളിതരും ആദിവാസികളും ന്യൂനപക്ഷവും അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നു. വനിതാ സംവരണം എവിടെയും എത്തിയില്ലെന്നു മാത്രമല്ല രാജ്യത്തെ വനിതകള്‍ അരക്ഷിതാവസ്ഥയിലാണ്. നുണകളുടെ കൂമ്പാരമാണ് മോഡി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിക്കാന്‍ കേസുകള്‍ റദ്ദാക്കാമെന്നും നഷ്ടപരിഹാരം നല്‍കാമെന്നും ഉറപ്പു നല്‍കിയെങ്കിലും പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കര്‍ഷകര്‍ ഇപ്പോഴും പ്രക്ഷോഭത്തിലാണ്. ഭരണഘടനയ്ക്കും രാജ്യത്തെ മതേതരത്വത്തിനും വെല്ലുവിളിയാണ് മോഡി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ഫെഡറല്‍ സംവിധാനങ്ങളെ മാനിക്കാന്‍ പോലും കേന്ദ്രം തയ്യാറല്ലെന്നും രാജ ചൂണ്ടിക്കാട്ടി.
രാംലീലാ മൈതാനിയിലെ സമരത്തെ ഒതുക്കാനുള്ള സകല അടവുകളും കേന്ദ്രം പയറ്റുന്നുണ്ട്. മോഡി സര്‍ക്കാരിന്റെ പൊയ്മുഖം അനാവരണം ചെയ്യപ്പെടുമെന്നും ഭരണം മാറിയാലേ രാജ്യം രക്ഷപെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡോ. ഗിരീഷ് ശര്‍മ്മ, ആനി രാജ, രാമകൃഷ്ണ പാണ്ഡ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

