പാര്‍ട്ടിയെയും സംഘടനകളെയും അവഗണിച്ച് മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസും രംഗത്ത്.
അതിരൂക്ഷമായ വിമര്‍ശനമാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിക്കുന്നുവെന്നും പാർട്ടി പ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ മനോഭാവം ശരിയല്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
സംഘടനയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗായത്രിയെ മുഖ്യമന്ത്രി പരസ്യമായി അപമാനിച്ചു. സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നിർദേശപ്രകാരം, സർക്കാർ നടപ്പിലാക്കേണ്ട വിവിധ പരിപാടികളെ സംബന്ധിച്ച നിവേദനം നല്‍കാൻ എത്തിയ ഗായത്രിയോട് വളരെ മോശമായി പെരുമാറിയെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. നിവേദനം വായിച്ചുനോക്കാന്‍ പോലും തയ്യാറായില്ലെന്നും, മറ്റുള്ളവരുടെ മുന്നില്‍ വച്ചാണ് കടുത്ത അവഗണന നേരിടേണ്ടിവന്നതെന്നും മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ട് മാസം പിന്നിടുമ്പോഴേക്ക് പാർട്ടിക്കുള്ളില്‍ വി ഡി സതീശനെതിരെ വലിയ അതൃപ്തിയാണ് വളർന്നുവരുന്നത്. പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യു ഉയര്‍ത്തിയ ആവശ്യങ്ങളോട് പരിഹാസം നിറഞ്ഞ പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്. ഇതില്‍ കെഎസ്‌യു നേതാക്കള്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മഹിളാ കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നിരിക്കുന്നത്.
വീടുവീടാന്തരം കയറിയിറങ്ങിയും തെരുവില്‍ പൊലീസിന്റെ ജലപീരങ്കിയും മർദനവും ഏറ്റുവാങ്ങിയുമാണ് തങ്ങള്‍ ഈ സർക്കാരിനെ അധികാരത്തിലെത്തിച്ചതെന്ന് മഹിളാ കോണ്‍ഗ്രസ് ഓർമ്മിപ്പിച്ചു. തങ്ങളുടെ വിയർപ്പിന്റെ വില മനസിലാക്കാതെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും നേതാക്കള്‍ രോഷം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ പാസാക്കിയ പ്രമേയം കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

