കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതവും വസ്തുതയ്ക്ക് നിരക്കാത്തതുമാണെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. തനിക്ക് 32 പേരും മറ്റ് മന്ത്രിമാര്‍ക്ക് ഇരുപത്തിയഞ്ചോ അതില്‍ താഴെയോ ആയിരുന്നു സ്റ്റാഫ് അംഗങ്ങളുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ചു വര്‍ഷത്തിനിടെ നാല് മന്ത്രിമാര്‍ മാറുകയും പുതിയ മന്ത്രിമാര്‍ ചുമതലയേറ്റെടുക്കുകയും ചെയ്തിട്ടും ആകെ സ്റ്റാഫിന്റെ എണ്ണത്തില്‍ വര്‍ധന ഉണ്ടായില്ല. സജി ചെറിയാന്റെ കാര്യത്തിലും ഇതേ രീതിയാണ് തുടര്‍ന്നത്. ആകെ 500ല്‍ താഴെയായിരുന്നു സ്റ്റാഫ് എണ്ണമെന്നും കൃത്യമായ രേഖകള്‍ ഇതിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കണക്കുകള്‍ എവിടെ നിന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ചതെന്ന് ചോദിച്ച അദ്ദേഹം, പട്ടിക പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. വ്യക്തമായ രേഖകളുള്ള കാര്യങ്ങള്‍ പോലും ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പേഴ്‌സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും ഈ സര്‍ക്കാര്‍ ഇതുവരെ 476 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളതെന്നും പിണറായി സര്‍ക്കാര്‍ 787 പേരെ നിയമിച്ചെന്നുമായിരുന്നു വി ഡി സതീശന്റെ ആരോപണം. ഓരോ മന്ത്രിമാര്‍ക്കും പരമാവധി 25 പേരെ നിയമിക്കാം എന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പലരും ആവശ്യമുള്ളത്രയും പേരെ നിയമിച്ചിട്ടില്ലെന്നും, ആവശ്യാനുസരണം നിയമനം തുടരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

