Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൂന്നാം ദിവസവും മുഖ്യം അസത്യങ്ങള്‍

മൂന്നാം ദിവസവും മുഖ്യം അസത്യങ്ങള്‍

Janayugom Online 4 days ago

പ്രതിപക്ഷ നേതാവായിരിക്കെ പതിവായിരുന്ന നുണപറച്ചില്‍ മുഖ്യമന്ത്രിയായതിനുശേഷവും തുടര്‍ന്ന് വി ഡി സതീശന്‍. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്ത് മൂന്നാം ദിവസവും മുഖ്യമന്ത്രി അസത്യപ്രസ്താവനകള്‍ നടത്തി.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അറിയിച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രി നുണ പറഞ്ഞത്.
വകുപ്പ് വിഭജനത്തിലെ തര്‍ക്കങ്ങളെക്കുറിച്ചായിരുന്നു ഒരു നുണ. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചർച്ചകള്‍ പൂർത്തിയായിരുന്നുവെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. തര്‍ക്കങ്ങള്‍ കാരണമാണ് വകുപ്പ് വിഭജനം വൈകുന്നതെന്ന് മന്ത്രി കെ മുരളീധരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതും മറച്ചുവച്ചാണ് മുഖ്യമന്ത്രിയുടെ പറച്ചില്‍. "നാല് ദിവസം മുമ്പ് സെറ്റില്‍ഡ് ആണ് വിഷയം. ഇന്നലെയാണ് ഗവർണർ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞത്. തൃശൂരിലേക്ക് പോയ ഗവർണർ രാത്രിയാണ് തിരികെ വന്നത്. ഇന്ന് രാവിലെ തന്നെ ലിസ്റ്റ് ഗവർണർ‍ക്ക് സമർപ്പിച്ചു. സാധാരണ 48 മണിക്കൂര്‍ എടുക്കാറുണ്ട്. ഇത് അതുമെടുത്തില്ല. എവിടെയാണ് വൈകിയത്?" എന്നായിരുന്നു വി ഡി സതീശന്റെ വാക്കുകള്‍. കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയുള്‍പ്പെടെ സത്യപ്രതിജ്ഞ ചെയ്ത അന്നുതന്നെ വകുപ്പുകള്‍ വിഭജിച്ച്‌ വിജ്ഞാപനം പുറത്തിറങ്ങിയിരുന്നു. കെ മുരളീധരൻ പറഞ്ഞതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അങ്ങനെ ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞൊഴിഞ്ഞു. ചില വകുപ്പുകളില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കി. "അങ്ങനെ പറഞ്ഞത് ക്വാട്ട് ചെയ്ത് കാണിക്ക്. ഞാന്‍ നേതാക്കളെ ഉപദേശിച്ചിട്ടുണ്ട്, തിണ്ണ നിരങ്ങാന്‍ പോകരുതെന്ന്" എന്നായിരുന്നു മറുപടി. എന്നാല്‍, ഒരാളുടെയും തിണ്ണ നിരങ്ങാന്‍ താന്‍ പോകില്ലെന്നായിരുന്നു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുപോലും അദ്ദേഹം പറഞ്ഞിരുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രോപ്പര്‍ ഡിപിആര്‍ പോലും തയ്യാറായിരുന്നില്ല എന്നാണ് പദ്ധതി റദ്ദാക്കിയ തീരുമാനം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. പാരിസ്ഥിതികമായോ സാമ്പത്തികമായോ ബാധിക്കാത്ത അതിവേഗ പാതയ്ക്ക് ഞങ്ങള്‍ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി 2020 ജൂണ്‍ 24 ന് റെയില്‍വേ മന്ത്രാലയത്തിന് ഡിപിആർ സമർപ്പിച്ചിരുന്നു. 2022 ജനുവരിയില്‍ ഡിപിആർ നിയമസഭയില്‍ വയ്ക്കുകയും ചെയ്തിരുന്നു. ഇതൊന്നും അറിയാതെ ആയിരുന്നില്ല വി ഡി സതീശന്റെ പ്രസ്താവന. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ച സംഭവത്തിലായിരുന്നു അടുത്ത വാദം. വന്ദേമാതരം മുഴുവനായി ആലപിക്കുമെന്ന് അറിയില്ലായിരുന്നു. ലോക്ഭവന്‍ തീരുമാനപ്രകാരമാണ് വന്ദേമാതരം പൂര്‍ണമായും ആലപിച്ചത്. ആലപിച്ച്‌ തുടങ്ങിയപ്പോഴാണ് അറിഞ്ഞത്. പകുതിക്ക് നിര്‍ത്തിക്കാന്‍ കഴിയില്ലല്ലോ എന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വാദിച്ചത്. കേരള ഗവര്‍ണര്‍ക്ക് തന്നെയാണ് തമിഴ്നാട്ടിലെയും ചുമതല. തമിഴ്നാട്ടില്‍ വിവാദമായ സംഭവം ഇവിടെയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന തോന്നല്‍ പോലും മുഖ്യമന്ത്രിക്ക് ഉണ്ടായില്ല. വേദിയിലെ ആളുകളുടെ എണ്ണത്തില്‍ ലോക്ഭവന്‍ നല്‍കിയ നിര്‍ദേശങ്ങളെല്ലാം ഒഴിവാക്കിയായിരുന്നു സത്യപ്രതിജ്ഞ നടന്നത്. എന്നിട്ടും വന്ദേമാതരത്തിന്റെ കാര്യം അറിഞ്ഞില്ലെന്ന ദുര്‍ബലവാദമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്.

എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോഴും പൊതുസമൂഹത്തിലും ഇതുവരെ ഉപയോഗിക്കാത്ത മേനോന്‍ എന്ന പേര് ഉപയോഗിച്ച്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയതിലും ഉരുണ്ടുകളിയായിരുന്നു കണ്ടത്. അച്ഛന്റെ പേര് പറയുന്നതില്‍ അഭിമാനമാണെന്നും അതില്‍ എന്താണ് തെറ്റെന്നും മറുചോദ്യം ഉന്നയിച്ചാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത്. കോണ്‍ഗ്രസില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നതും അദ്ദേഹം കണ്ടതായി ഭാവിച്ചില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍, കോണ്‍ഗ്രസ് അനുഭാവി കൂടിയായ റിനി ആന്‍ ജോര്‍ജിനെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂകിവിളിക്കുകയും തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുയും ചെയ്ത സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിലും മുഖ്യമന്ത്രി വ്യക്തമായ ഉത്തരം പറഞ്ഞില്ല. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നടക്കുന്നതെന്നും അത് ഏത് കേന്ദ്രങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് പരിശോധിച്ച്‌ നോക്കൂ എന്നുമായിരുന്നു പ്രതികരണം. ആര്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായാലും തെറ്റാണെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ വനിതാ ഡെപ്യൂട്ടി സ്പീക്കറുടെ കാര്യത്തിലും വയോജനക്ഷേമ വകുപ്പിന്റെ കാര്യത്തിലുമെല്ലാം വസ്തുതാവിരുദ്ധമായ അവകാശവാദങ്ങളാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. സമരകവാടമെന്ന് വിളിപ്പേരുള്ള സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റ് പത്ത് വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നതെന്ന് പറഞ്ഞതും തെറ്റായിരുന്നു. എല്ലാദിവസവും തുറക്കാറുള്ള ഈ കവാടം സമരങ്ങളും മറ്റ് പ്രതിഷേധങ്ങളും നടക്കുമ്പോഴായിരുന്നു അടച്ചിടാറുണ്ടായിരുന്നത്. നേരത്തെ യുഡിഎഫ് ഭരിച്ചിരുന്നപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ അനിശ്ചിത കാല സമരങ്ങള്‍ നടന്നിരുന്ന വേളയില്‍ മാസങ്ങളോട് ഗേറ്റ് അടച്ചിട്ട സ്ഥിതിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ്, വയനാട്ടില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകളെക്കുറിച്ചുള്ള ചോദ്യത്തിന് വി ഡി സതീശന്റെ മറുപടി ഏറെ ചര്‍ച്ചയായിരുന്നു. അവിടെ പണി തുടങ്ങിയെന്നും നിങ്ങള്‍ പോയി നോക്കൂ എന്നുമൊക്കെ യാതൊരു മടിയുമില്ലാതെയാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോളാകട്ടെ, 'മാധ്യമങ്ങള്‍ പറയുന്നത് പ്രകാരം' എന്നും 'എന്റെ അറിവില്‍' എന്നും മുന്‍കൂര്‍ ജാമ്യമെടുത്താണ് ചില നുണകള്‍ പറയുന്നതെന്നതും ശ്രദ്ധേയമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online