Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി: പ്രതിപക്ഷ നേതാവ്

നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി: പ്രതിപക്ഷ നേതാവ്

Janayugom Online 2 weeks ago

വര്‍ണ്റുടെ നയപ്രഖ്യാപനം യഥാര്‍ത്ഥത്തില്‍ നയരാഹിത്യത്തിന്റെ പ്രഖ്യാപനമായാണ് മാറിയെതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

കേരളത്തിന്റെ പ്രത്യേകത വച്ച്‌ കേന്ദ്രം സംസ്ഥാനത്തോട് പുലര്‍ത്തുന്ന ചില സമീപനമുണ്ട്. അതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നയപ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചിരുന്നു. കുറേ കാര്യങ്ങള്‍ കേന്ദ്രത്തില്‍നിന്ന് ചോദിച്ചു വാങ്ങേണ്ടതുണ്ട്. അതേക്കുറിച്ചെല്ലാം മ‍ൗനം പാലിക്കുകയാണ്. സംസ്ഥാനത്തിന് അവകാശപ്പെട്ടത് നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്.

2035 വരെയുള്ള സമഗ്രവികസനം മുന്നില്‍ക്കണ്ടുള്ള വിശദമായ ആസൂത്രണ രേഖ എല്‍ഡിഎഫ് സർക്കാർ ആവിഷ്കരിച്ചിരുന്നു. അതെങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതില്‍ സൂചനയില്ല. ഇതുമായി ബന്ധപ്പെട്ടുള്ള പദ്ധതികളെക്കുറിച്ചും പരാമർശമില്ല. ഖജനാവില്‍ 5,429 കോടി രൂപ നീക്കിയിരിപ്പ് വച്ചാണ് എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍നിന്ന് ഇറങ്ങിയത്. റിസർവ് ബാങ്ക് തന്നെ ഇത് അംഗീകരിച്ചതാണ്. ആ ഭാഗം മറച്ചുവച്ച്‌ തെറ്റായ ആഖ്യാനം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു. കേന്ദ്ര സാമ്പത്തികനയം കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു മുന്നില്‍ അതേനയമാണ് സംസ്ഥാനവും തുടരുന്നതെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നാടിനെ തള്ളിവിടും. ജനങ്ങള്‍ക്ക് ആശ്വാസം നലകുന്ന ഹ്രസ്വകാല, ദീർഘകാല പദ്ധതികള്‍ വേണ്ടതുണ്ട്. അതിനൊന്നുമുള്ള കൃത്യമായ കാഴ്ചപ്പാട് നയപ്രഖ്യാപനത്തിലില്ല.

യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമാണ് കാണുന്നത്. എല്ലാ സാമ്പത്തിക ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്ന നിലയ്ക്കുള്ളതാണ് നയപ്രഖ്യാപനത്തിലെ പൊതുസമീപനം. കേരളത്തെ പുതുയുഗത്തിലേക്ക് ആനയിക്കുമെന്നാണ് പറയുന്നത്. അതിനുള്ള സാമ്പത്തിക, സാമൂഹിക റൂട്ട്മാപ്പ് കാണാനില്ല. അതില്ലാതിരുന്നാല്‍ ലക്ഷ്യം എങ്ങനെയാണ് സാധ്യമാവുക എന്നത് അവ്യക്തമാണ്- അദ്ദേഹം പറഞ്ഞു.
നാടിന്റെ മുഖച്ഛായ മാറ്റുന്നതിന് ഇടയാക്കിയ കിഫ്ബി, കുടുംബശ്രീ, വിവിധ മിഷനുകള്‍ ഇവയെക്കുറിച്ച്‌ മ‍ൗനം പാലിക്കുന്നു. പരമ്പരാഗത വ്യവസായ മേഖല, പ്രവാസി മേഖല എന്നിവയെക്കുറിച്ച്‌ പരാമർശിച്ചുകാണുന്നില്ല. തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന അവസ്ഥയാണുള്ളത്. അക്കാര്യത്തില്‍ സർക്കാർ നിലപാടും പരാമർശിക്കുന്നില്ല. കേരളം നടപ്പാക്കിയ അതിദാരിദ്ര്യ നിർമ്മാർജനം ലോകശ്രദ്ധ ആകർഷിച്ചതാണ്. അതിന്റെ അടുത്ത ഘട്ടത്തില്‍ നയപ്രഖ്യാപനത്തില്‍ പരാമർശിച്ചിട്ടില്ല.

ധനകാര്യ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തില്‍ യാതൊരു പരാമർശവുമില്ല. തൊഴിലുറപ്പ് നിയമം അട്ടിമറിച്ച്‌ വിബിജി റാം റാം ജി നിയമം കൊണ്ടുവരുന്നതിനെപ്പറ്റിയും അതില്‍ സംസ്ഥാന സർക്കാരിൻറെ നിലപാടിനെക്കുറിച്ചും ഗവർണറുടെ പ്രസംഗം നിശബ്ദമാണ്. ധവളപത്രത്തെ കുറിച്ച്‌ ഒന്ന് രണ്ടുതവണ പറയുന്നുണ്ട്. എന്നാല്‍, ധനകാര്യ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നിലപാടാണ് യൂണിയൻ സർക്കാരിന്റേത്. അതേക്കുറിച്ച്‌ പരാമർശമില്ല. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ കുറിച്ച്‌ പേരിനുപോലും പരാമർശമില്ല. പശ്ചിമേഷ്യയിലെ പ്രതിസന്ധി നാടിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ആ പ്രശ്നങ്ങളെ മറികടക്കുന്നതിനുള്ള നയപരിപാടികള്‍ മുൻഗണനയായി കാണുന്നില്ല. അതിദാരിദ്രമുക്തമാണ് കേരളം. തുടര്‍ഘട്ടത്തെക്കുറിച്ച്‌ നയപ്രഖ്യാപനത്തില്‍ പരമാര്‍ശിക്കുന്നതേയില്ല.

സംസ്ഥാനത്തിന്റെ സാമ്പത്തിക നില എന്തോ വല്ലാത്ത അവസ്ഥയിലാണെന്ന് വരുത്താനുള്ള ശ്രമമുണ്ട്. സംസ്ഥാനത്തിന്റെ പൊതുകടം അഞ്ചു വർഷം കൊണ്ട് അഞ്ച് ശതമാനത്തിലധികം കുറയുകയാണുണ്ടായത്. 2021ല്‍ 39 ശതമാനമായിരുന്നത് 2026ല്‍ 34 ശതമാനത്തില്‍ താഴെയായി. കടത്തിന്റെ കണക്ക് നോക്കിയാല്‍ രാജ്യത്തെ ആദ്യ 15 സംസ്ഥാനങ്ങളില്‍ കേരളമില്ല. ഏറ്റവും മികച്ച ധനദൃഡീകരണമാണ് കേരളത്തില്‍ നടന്നത് എന്ന് കാണാനാകും. ഇ‍ൗ നിലയിലും സാമ്പത്തിക വെല്ലുവിളികളെ ഏറ്റെടുക്കാൻ പര്യാപ്തമായ ഖജനാവാണ് എല്‍ഡിഎഫ് സർക്കാർ കൈമാറിയത്.

ഇത് തുടക്കമാണ്. ഇനിയും സമയമുണ്ട്. ആദ്യമേ കഠിനമായ എതിർപ്പ് രേഖപ്പെടുത്തുന്നില്ല. സംസ്ഥാനത്തിന്റെ വികസനത്തിനും ക്ഷേമത്തിനും മുൻതൂക്കം നല്‍കുന്ന ഏത് പരിപാടിക്കും പ്രതിപക്ഷം പിന്തുണ നല്‍കും. എന്നാല്‍, നാടിന്റെ താല്പര്യത്തിനും ജനക്ഷേമത്തിനും എതിരായ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായാല്‍ എതിർക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online