വരാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ പരമ്പരാഗത പേപ്പർ-പെൻ മാതൃകയ്ക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ഈ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ജൂണ്‍ 21ന് നിശ്ചയിച്ചിരിക്കുന്ന പുനഃപരീക്ഷ നിലവിലുള്ള രീതിയില്‍ തന്നെ നടക്കുമെന്ന് ഉറപ്പായി.
ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. സത്യം സിംഗ് പരീക്ഷാ രീതി മാറ്റണമെന്ന് ശക്തമായി വാദിച്ചെങ്കിലും, സമാനമായ ഹർജികള്‍ മുൻപ് തള്ളിയിട്ടുള്ളതാണെന്ന് ജസ്റ്റിസ് നരസിംഹ ചൂണ്ടിക്കാട്ടി. ഒരു പരീക്ഷ റദ്ദാക്കിയ ശേഷം വീണ്ടുമൊരു പരീക്ഷ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ രീതിയില്‍ സംഘടിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും കോടതി ഓർമ്മിപ്പിച്ചു. ഹർജി വേനല്‍ക്കാല അവധിക്ക് ശേഷം ജൂലൈയില്‍ പരിഗണിക്കാനായി കോടതി മാറ്റി. നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയുടെ പരിഷ്കരണങ്ങളുമായും ചോദ്യപേപ്പർ ചോർച്ചയുമായും ബന്ധപ്പെട്ട് നിലവിലുള്ള മറ്റ് പ്രധാന ഹർജികള്‍ക്കൊപ്പം ഇതും പരിഗണിക്കും. ആർജെഡി എംപി സുധാകർ സിംഗ് ഉള്‍പ്പെടെയുള്ളവരാണ് ഈ ഹർജി സമർപ്പിച്ചത്.
മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയില്‍ വലിയ രീതിയില്‍ ചോദ്യപേപ്പർ ചോർച്ച ആരോപിക്കപ്പെട്ടതിനെ തുടർന്ന് മേയ് 12നാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ മാനസിക വിഷമങ്ങള്‍ക്ക് കാരണമായതായി മുൻപ് മെയ് 29ന് കേസ് പരിഗണിക്കവെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. യുപിഎസ്‌സി മാതൃകയില്‍ സുതാര്യമായി പരീക്ഷ നടത്താൻ എൻടിഎ പഠിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. നിലവില്‍ ഈ ചോദ്യപേപ്പർ ചോർച്ച കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. കൂടുതല്‍ വീഴ്ചകള്‍ ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടാണ് ഈ വിഷയത്തിലെ തുടർനടപടികള്‍ നിരീക്ഷിക്കുന്നത്.

