ബുധനാഴ്ച രാവിലെ നേപ്പാളിലുണ്ടായ കനത്ത മിന്നല്‍ പ്രളയത്തിന് കാരണം ഭൂചലനമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ വ്യക്തമാക്കി.
ശക്തമായ ഉരുള്‍പൊട്ടല്‍ മൂലമാണ് ഇത്തരത്തില്‍ പ്രകമ്പനം ഉണ്ടായതെന്നാണ് യു.എസ്.ജി.എസ്. യുടെ റിപ്പോർട്ട്.
പ്രാദേശിക സമയം രാവിലെ 8:37-നാണ് കാഠ്മണ്ഡുവിന് വടക്ക് നേപ്പാള്‍-ചൈന അതിർത്തി മേഖലയില്‍ റിക്ടർ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി യു.എസ്.ജി.എസ്. ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാല്‍, ഏകദേശം ഇതേ സമയത്തുതന്നെ ചൈനയില്‍ നിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് മലഞ്ചെരിവില്‍ നിന്ന് വൻ മണ്ണിടിച്ചില്‍ ഉണ്ടായി. ഇതാണ് പ്രളയത്തിന് കാരണമെന്നാണ് യു.എസ്.ജി.എസ് റിപ്പോർട്ടില്‍ പറയുന്നത്. 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ ആഘാതം സൃഷ്ടിച്ച വൻ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
വെള്ളപ്പൊക്കത്തെ തുടർന്ന് റസുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 160 പേർ മരിച്ചതായാണ് വിവരം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടികലും ഇതിനോടൊപ്പം നടക്കുന്നുണ്ട്.
ഇതുവരെ 844 പേരെ കാണാതായതായിട്ടുണ്ട്. 403 വിനോദ സഞ്ചാരികളെ കാണാനില്ലെന്നാണ് നേപ്പാള്‍ ടൂറിസംവകുപ്പ് വ്യക്തമാക്കുന്നത്. അതില്‍ 341 പേർ വിദേശികളാണ്. കാണാതായവരില്‍ 142 ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയ, ബ്രിട്ടണ്‍, മലേഷ്യ, നെതർലാൻഡ്സ്, പോർച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും കാണാതായവരുടെ കൂട്ടത്തിലുണ്ട്.
ചെളിക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരേയും മരണപ്പെട്ടവരെയും കണ്ടെത്താനുള്ള തീവ്രശ്രമവുമായി രക്ഷാപ്രവർത്തകർ പോകുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് സർക്കാരിന്റെ എല്ലാ വിധ സംവിധാനങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ബലേന്ദ്ര ഷാ ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബാലേന്ദ്ര ഷായെ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും അത്യാവശ്യ മരുന്നുകളും ഇന്ത്യ ഇതിനോടകം തന്നെ നേപ്പാളിലെത്തിച്ചു.
അതിനോടനുബന്ധിച്ചു ബിഹാറിലെ പശ്ചിമ ചമ്പാരൻ അതിർത്തിയിലും പ്രളയ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ ഉണ്ട്. തുടർന്ന് അവിടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇൻഡോ-നേപ്പാള്‍ അതിർത്തിയിലൂടെയും ഗണ്ഡക് നദിയുടെ തീരങ്ങളിലൂടെയും ഉള്ള ഗ്രാമങ്ങളില്‍ മുൻകരുതലുകള്‍ സ്വീകരിക്കാൻ വെസ്റ്റ് ചമ്പാരൻ ജില്ലാ മജിസ്‌ട്രേറ്റ് തരണ്‍ജോത് സിങ് നിർദ്ദേശം നല്‍കി. സ്ഥിതി നേരിടാൻ പശ്ചിമ ചമ്പാരൻ, മുസാഫർപുർ തുടങ്ങിയ ഇടങ്ങളിലായി ഒൻപത് എൻ.ഡി.ആർ.എഫ് സംഘങ്ങളെ ബിഹാറില്‍ വിന്യസിച്ചു. ഉത്തർപ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിർത്തി ജില്ലകളായ മഹാരാജ്ഗഞ്ച്, കുശിനഗർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരോട് അതീവ ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്.

