നേപ്പാളിലെ ചൈനീസ് ടിബറ്റ് അതിർത്തിയില്‍ പെയ്തിറങ്ങിയ പ്രളയത്തില്‍ വ്യാപക ദുരന്തം. ബുധനാഴ്ച രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം 157 മൃതദേഹങ്ങള്‍ വീണ്ടെടുത്തതായി നേപ്പാള്‍ പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രശസ്തമായ കൈലാസ് മാനസസരോവർ തീർഥാടന പാതയില്‍ ഉണ്ടായ ദുരന്തത്തില്‍ 400-ലധികം വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ട്.
കാണാതായവരില്‍ 133 പേർ ഇന്ത്യൻ തീർഥാടകരാണെന്ന് നേപ്പാള്‍ ടൂറിസം ബോർഡ് വക്താവ് സുനില്‍ ശർമ്മ അറിയിച്ചു. ഇതിനുപുറമെ 47 അമേരിക്കക്കാർ, 34 ഓസ്‌ട്രേലിയക്കാർ, 33 ബ്രിട്ടീഷുകാർ, 24 കാനഡക്കാർ എന്നിവരെയും കാണാതായിട്ടുണ്ട്. പ്രാദേശിക ജലവൈദ്യുത നിലയത്തില്‍ ജോലി ചെയ്തിരുന്ന 8 ദക്ഷിണ കൊറിയൻ പൗരന്മാരും അപകടത്തില്‍പ്പെട്ടതായാണ് വിവരം.
പ്രദേശത്തെ വൈദ്യുതി സംവിധാനങ്ങള്‍ പൂർണ്ണമായും തകർന്നതിനാല്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ് അധികൃതർ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. നുവാകോട്ട്, ധാദിങ് മേഖലകളില്‍ സൈനിക ഹെലികോപ്റ്ററുകള്‍ കേന്ദ്രീകരിച്ച് വൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിന് മിനിറ്റുകള്‍ക്ക് മുൻപ് പ്രദേശത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

