നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തെ തുടർന്ന് ഇൻഫോസിസ് പബ്ലിക് സർവീസസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ലാക്‌സ് ഗോപിസെട്ടിയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ഇൻഫോസിസ് അറിയിച്ചു.
സ്വകാര്യ സന്ദർശനത്തിനായാണ് അദ്ദേഹം നേപ്പാളിലെത്തിയതെന്നാണ് കമ്പനി വ്യക്തമാക്കിയത്.
പ്രളയത്തെ തുടർന്ന് ഗോപിസെട്ടിയുമായി ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യത്തില്‍, അദ്ദേഹത്തെ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് ഇൻഫോസിസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് നിലവിലെ പ്രധാന മുൻഗണനയെന്നും കമ്പനി വ്യക്തമാക്കി.
"സ്വകാര്യ ആവശ്യത്തിനായി നേപ്പാള്‍ സന്ദർശിച്ചിരുന്ന ഞങ്ങളുടെ സഹപ്രവർത്തകൻ ലാക്‌സ് ഗോപിസെട്ടിയെ നിലവില്‍ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് സ്ഥിരീകരിക്കുന്നു. ലാക്‌സിനും ദുരന്തത്തില്‍പ്പെട്ട മറ്റെല്ലാവർക്കുമായി ഞങ്ങളുടെ പ്രാർത്ഥനകള്‍ ഒപ്പമുണ്ട്," ഇൻഫോസിസ് പ്രസ്താവനയില്‍ പറഞ്ഞു.
ഗോപിസെട്ടിയുമായി ബന്ധപ്പെടാനും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഇൻഫോസിസ് അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബവുമായി നിരന്തരം ആശയവിനിമയം നടത്തുകയും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതില്‍ ഇൻഫോസിസ് ദുഃഖം രേഖപ്പെടുത്തി.
ഇൻഫോസിസിന്റെ സാങ്കേതികവിദ്യ, നയരൂപീകരണം, പ്രവർത്തനങ്ങളുടെ മേല്‍നോട്ടം തുടങ്ങിയ മേഖലകളിലാണ് ലാക്‌സ് ഗോപിസെട്ടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നിലവിലെ ചുമതലയേല്‍ക്കുന്നതിന് മുമ്പ് ഇൻഫോസിസില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റായും ബിസിനസ് ആപ്ലിക്കേഷൻസ് ആൻഡ് ഡിജിറ്റല്‍ വർക്ക്‌സ്‌പേസ് സർവീസ് വിഭാഗം മേധാവിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ മേഖലകളിലും അദ്ദേഹം വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

